ഇതൊരു പണിയായിപ്പോയി!!പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ച്ച, പ്രചാരണത്തിന് 20 ദിവസം; ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ വെള്ളംകുടിച്ച് മുന്നണികള്‍

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ തിരക്കുകളിലുള്ള മുന്നണികള്‍ ഞെട്ടലോടെയായിരിക്കും ഈ വാര്‍ത്ത കേട്ടത്. 23നാണ് പാലായിലെ വോട്ടെടുപ്പ്. അത് കഴിഞ്ഞാല്‍ ആകെ ഏഴുദിവസം മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാനും പത്രിക സമര്‍പ്പിക്കാനം ഉള്‍പ്പെടെയുള്ളത്. സെപ്റ്റംബര്‍ 23ന് വിജ്ഞാപനം പുറത്തിറങ്ങും. സെപ്റ്റംബര്‍ 30നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഒക്ടോബര്‍ നാലു വരെയാണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും.

കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരം മുതല്‍ തെക്ക് വട്ടിയൂര്‍ക്കാവ് വരെ ഉപതെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങുകയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ സീറ്റുകള്‍ നിലവില്‍ യുഡിഎഫിന്റെ കൈവശമുള്ള സീറ്റുകളാണ്. മഞ്ചേശ്വരം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേതാണ്. ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലം മാത്രമാണ് സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്നത്.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും അരൂരില്‍ എഎം ആരിഫുമാണ് എംഎല്‍എസ്ഥാനം രാജിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രാജി. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.  ലോക്സഭ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡും സര്‍ക്കാരിനെതിരായ ജനവിധിയും തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.

Comments (0)
Add Comment