തിരുവനന്തപുരം വിമാനത്താവള വിവാദത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് വ്യവസായി എം.എ യൂസഫലി : കേരള സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടില്ല ; ആര് നടത്തിയാലും എയര്‍പോര്‍ട്ടിന്‍റെ വികസനമാണ് പ്രധാനം ; കോണ്‍സുലേറ്റ് , യു.എ.ഇ റെഡ്ക്രസന്‍റ്  വിവാദങ്ങളില്‍ പ്രതികരിക്കാനില്ല  

Elvis Chummar
Wednesday, August 26, 2020

 

ദുബായ് : വിവാദമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള വിഷയത്തിലേക്ക് തന്‍റെ പേര് വലച്ചിഴക്കരുതെന്ന് വ്യവസായി എം.എ യൂസഫലി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിരുദ്ധമായി ഒന്നും പറയാന്‍ ആര്‍ക്കും കഴിയില്ല. അത് കേന്ദ്രത്തിന്‍റെ പ്രോപ്പര്‍ട്ടിയാണെന്നും യൂസഫലി പറഞ്ഞു. യു.എ.ഇയിലെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം.

 

മലയാളിയായ എന്‍റെ പ്രഥമ സ്ഥാനം സ്വന്തം സംസ്ഥാനത്തിന്  

വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാര്‍ തന്നോട് അഭിപ്രായം തേടിയിട്ടില്ല. ഒരു നിര്‍ദേശവും ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ അപ്പോള്‍ മറുപടി പറയാമെന്നും വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ ആവശ്യമാണ്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ തനിക്ക് ഓഹരി പങ്കാളിത്തമുണ്ട്. കൊച്ചി വിമാനത്താവള പദ്ധതിയില്‍  (സിയാല്‍)  24 വര്‍ഷമായി ഡയറക്‌ടറാണ്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ഇതിനായുള്ള ഇടപെടലുകള്‍ ഇന്നും ഓര്‍ക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളവും മികച്ച രീതിയില്‍ വികസിക്കണം. സ്വകാര്യ പങ്കാളിത്തവും നല്ലതാണ്. ഒരു മലയാളിയായ എന്‍റെ പ്രഥമ പരിഗണന സ്വന്തം സംസ്ഥാനത്തിന്‍റെ വികസനത്തിനായിരിക്കും.

അദാനിയോട് എതിര്‍പ്പില്ല , എല്ലാം കേന്ദ്രം തീരുമാനിക്കട്ടെ

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഏറ്റെടുത്താലും തനിക്ക് എതിര്‍പ്പില്ല. അതേസമയം, അദാനി ആയതുകൊണ്ടാണോ കേരളത്തിലെ എതിര്‍പ്പ് എന്ന ചോദ്യത്തോട്, അത് തനിക്ക് അറിയില്ലെന്ന് യൂസഫലി പറഞ്ഞു. അദാനിയായാലും അംബാനിയായാലും എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. എന്തായാലും കേന്ദ്രമാണ് എല്ലാം തീരുമാനിക്കേണ്ടത്.

തിരുവനന്തപുരം കോണ്‍സുലേറ്റ് , റെഡ്ക്രസന്‍റ് വിഷയങ്ങളില്‍ പ്രതികരിക്കാനില്ല

തിരുവനന്തപുരം കോണ്‍സുലേറ്റ് സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. കേസ് കോടതിയിലും അന്വേഷണത്തിലുമാണ്. അതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അദേഹം പറഞ്ഞു.

അറബ് രാജ്യത്തു നിന്നും ഇന്ത്യയിലേക്ക് നിക്ഷേപം

വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വര്‍ധിച്ചു. അറബ് രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം കൂടി വരികയാണ്. അറബ് രാജ്യങ്ങള്‍ ഭാവിയിലേക്ക് നോക്കി കാണുന്നത് ഇന്ത്യയിലൂടെയാണ്. അതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇനിയും തൊഴില്‍ അവസരങ്ങള്‍ തുടരും.

“മാധ്യമങ്ങളെ കുറ്റപ്പെടുത്തരുത്, അവര്‍ അവരുടെ ജോലി ചെയ്യുന്നു” 

മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ചിലപ്പോള്‍ അത് പോസിറ്റീവായും നെഗറ്റീവായും തോന്നാം. അത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും അദേഹം പറഞ്ഞു.

വിവാദം സോഷ്യല്‍ മീഡിയക്കാര്‍ക്ക് ലൈക്ക് കിട്ടാന്‍

തന്‍റെ പേര് ചിലര്‍ സമൂഹ മാധ്യമങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഞാന്‍ ഒന്നിനും പ്രതികരിക്കാറില്ല. വായിക്കാറുമില്ല. അതിന്‍റെ പിന്നാലെ പോകാന്‍ സമയമില്ല. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയാണ്. വിവാദങ്ങള്‍ വരുമ്പോള്‍, യൂസഫലിയുടെ പേര് കൂടി ചേര്‍ത്തുവെച്ചാല്‍ ചിലര്‍ക്ക് ഷെയറും ലൈക്കും കമന്‍റും കൂടുമെന്നാണ് പറയുന്നത്. എനിക്ക് അതില്‍ വിഷമം ഇല്ല. അവര്‍ അതുകൊണ്ട് ജീവിച്ചുപോകട്ടെയെന്നും യൂസഫലി ചിരിച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.

teevandi enkile ennodu para