യാത്രക്കാരെ മർദ്ദിച്ച സംഭവം : ചോദ്യം ചെയ്യലിനായി ബസുടമ ഹാജരായേക്കും

6

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസുടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായേക്കും. ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. അതേസമയം സുരേഷ് കല്ലടയോടെ അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ ഹാജരാകാൻ നിരവധി തവണ ഉടമ സുരേഷ് കല്ലടയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചത്. അതിനിടെ മനുഷ്യാവകാശ കമ്മീഷനും ഉടമയോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മീഷൻ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.

കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്.

ഇതിനു പുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പോലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകമെന്നും ഉത്തരവിൽ പറയുന്നു.

Comments (0)
Add Comment