THALASSERY| തലശേരിയില്‍ ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍; പ്രധാന പ്രതികള്‍ ഒളിവില്‍ തന്നെ

Jaihind News Bureau
Thursday, July 31, 2025

തലശ്ശേരി- തൊട്ടില്‍ പാലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന കൊടിയൂറ സ്വദേശി കുഞ്ഞി പറമ്പത്ത് സൂരജിനെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ പെരിങ്ങത്തൂര്‍ വട്ടക്കണ്ടി ലക്ഷം വീട്ടില്‍ സവാദ്, വെള്ളൂരിലെ വിശ്വജിത്ത് എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല.

ഏഴ് പേര്‍ക്കെതിരെയാണ് ചൊക്ലി പൊലീസ് കേസ്സെടുത്തത്. സവാദും വിശ്വജിത്തും നിരവധി കേസുകളില്‍ പ്രതിയാണ്. സ്വര്‍ണ്ണ തട്ടിപ്പ് ഉള്‍പ്പടെ വിവിധ കേസുകളുമായി സംഘത്തിന് ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം തലശ്ശേരി തൊട്ടില്‍ പാലം റൂട്ടില്‍ ഇന്നും ബസ്സ് സമരം തുടരുകയാണ്.

സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. ഓടിക്കൊണ്ടിരുന്ന ബസില്‍ സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ മുന്നില്‍ വെച്ചാണ് ഒരു സംഘം അതി ക്രൂരമായി മര്‍ദിച്ചത്. തലശേരി തൊട്ടില്‍ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടര്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണു (27) നാണ് മര്‍ദനമേറ്റത്.

കുറ്റ്യാടി നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയില്‍ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടര്‍ പാസ് ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് ബസ് തലശ്ശേരി നിന്ന് മടങ്ങി കുറ്റ്യാടിയിലേക്ക് പോവുമ്പോള്‍ ഒരു സംഘം അക്രമിച്ചത്. സാരമായി പരിക്കേറ്റ കണ്ടക്ടര്‍ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.