
ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര അപൂര്‍വ്വ നേട്ടം കൈവരിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പേസറാണ് ബുമ്ര. ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കയുടെ താരമായിരുന്നു. 17 വര്‍ഷം മുന്‍പ് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസറായ ഡെയ്ല്‍ സ്റ്റെയ്ന്‍ ആയിരുന്നു ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
2019-ല്‍ ഇഷാന്ത് ശര്‍മ്മ കൊല്‍ക്കത്തയില്‍ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേടിയിരുന്നുവെങ്കിലും അത് പിങ്ക് ബോളില്‍ കളിച്ച ഡേ-നൈറ്റ് ടെസ്റ്റിലായിരുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ മാറ്റ് ഹെന്റിയും അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ മഴ കാരണം ആദ്യ ദിനം കളി പൂര്‍ണ്ണമായും നഷ്ടമായതിനാല്‍ സാങ്കേതികമായി രണ്ടാം ദിനമാണ് ഹെന്റി ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അഞ്ച് വിക്കറ്റ് ബുമ്രയുടെ കരിയറിലെ പതിനാറാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇനി രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, കപില്‍ ദേവ് എന്നിവര്‍ മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്. കൂടാതെ, ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര ഇതോടെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച 9 ടെസ്റ്റുകളില്‍ ബുമ്രയുടെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഈ നേട്ടത്തില്‍ ഡെയ്ല്‍ സ്റ്റെയ്നും അശ്വിനും മാത്രമാണ് ഇനി ബുമ്രക്ക് മുന്നിലുള്ളത്.
ഈ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ സഹതാരം മുഹമ്മദ് ഷമിയെ മറികടക്കാനും ബുമ്രക്കായി. നിലവില്‍ ബുമ്രക്ക് 231 വിക്കറ്റുകളും ഷമിക്ക് 229 വിക്കറ്റുകളുമാണ് ഉള്ളത്. കൊല്‍ക്കത്ത ടെസ്റ്റില്‍ റിയാന്‍ റിക്കിള്‍ടണിനെ പുറത്താക്കിക്കൊണ്ടാണ് ബുമ്ര വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ കേശവ് മഹാരാജിനെ വീഴ്ത്തിയാണ് താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.