തിരുവനന്തപുരത്ത് : ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബി.എസ്. അനൂപിന്‍റെ അമ്മയേ വേദിയിൽ ഷാൾ അണിയിച്ച് ആദരിച്ച് പ്രിയങ്ക ഗാന്ധി. വെഞ്ഞാറമൂട്ടില്‍ സ്ഥാനാർഥികളെ ആദരിക്കുന്ന പരിപാടിക്കിടയിലാണ് അനൂപിന്റെ അമ്മയെയും വേദിയിലേക്ക് ക്ഷണിച്ച് പ്രിയങ്ക ആദരിച്ചത്.
അമ്മയെ കാണണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനപര്യടനത്തിലായിരുന്ന അനൂപ് വെഞ്ഞാറമൂട്ടിലേക്ക് എത്തുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന ഫോൺകോളിനെ തുടർന്ന് അമ്മയും വെഞ്ഞാറമൂട്ടിലേക്ക് തിരിച്ചു. പ്രിയങ്ക ഗാന്ധിയെ നേരില്‍ കാണാന്‍ കഴിയുന്നതിലുള്ള ആവേശത്തിലായിരുന്നു അവർ. തൊഴിലുറപ്പു തൊഴിലാളിയായ അമ്മയും അനൂപും പ്രചാരണത്തിനിടെ തൊഴിൽ ഇടത്ത് വച്ച് കണ്ടുമുട്ടിയ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പഞ്ചായത്തിൽ അനൂപ് മെംബറായ വാർഡിൽത്തന്നെയാണ് അമ്മ തൊഴിലുറപ്പു ജോലിക്കു പോകുന്നത്. അച്ഛൻ ബ്രഹ്മാനന്ദന് പക്ഷാഘാതം വന്നതിനാൽ ജോലിക്കു പോകുന്നില്ല. വെള്ളിപ്പാട്ടുമലയിലെ വീടിനടുത്ത് ചെറിയൊരു പെട്ടിക്കട നടത്തുന്നു. കൂലിപ്പണിക്കു പോയാണ് 3 ആൺമക്കളെയും സുദേവി വളർത്തിയത്.