തൃശൂരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ക്രൂരത; വയോധികയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മര്‍ദ്ദിച്ചു

Jaihind Webdesk
Friday, January 13, 2023

തൃശൂര്‍: ചാഴൂരില്‍ സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴും ക്രൂര മർദിച്ചതായി പരാതി. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലിസ് എത്തി മോചിപ്പിച്ചു. പ്രതികൾ പിടിയിലായിട്ടുണ്ട്.

ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ 75 വയസ്സുള്ള അമ്മിണിക്കാണ് ക്രൂര മർദ്ദനമേറ്റത്.ഇവരുടെ സഹോദരൻ്റെ ഭാര്യ ഭവാനി മകൾ കിന എന്നിവരെയാണ് അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
അമ്മിണിയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം സ്വന്തം പേരിൽ ആക്കി തരണമെന്നാവശ്യപെട്ടാാായിരുന്നു മർദ്ദനം. വീടിന് പുറകിലുള്ളമേൽ കൂര ഇല്ലാത്ത തൊഴുത്തിൽ ചങ്ങലിട്ട് ഇവരെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലിസ് പറഞ്ഞു. ഒരു മാസത്തോളമായി തുടരുന്ന മർദ്ദനത്തിൽ ചങ്ങലയിൽ കൊരുത്ത് വൃദ്ധയുടെ കാലിൻ്റെ കണ്ണി പഴുത്ത നിലയിലാണ്. വെള്ളവും ഭക്ഷണവും ചോദിച്ചപ്പോഴൊക്കെയും വടികൊണ്ട് ശരീരം മുഴുവൻ അടിക്കുകയും വായിൽ വടി തിരുകുകയും ചെയ്തു. പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അന്തിക്കാട് ഐ എസ് എച്ച് ഒ പി കെ ദാസിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് വയോധികയെ മോചിപ്പിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.