മുഖ്യമന്ത്രിയുടെ ദുബായ് സംവാദ വേദിയില്‍ പരസ്യമായി പരാതി ഉന്നയിച്ച് മന്ത്രി സഹോദരന്‍ ! ; പഴയ പ്രവാസി പ്രഖ്യാപനങ്ങള്‍ അക്കമിട്ട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

B.S. Shiju
Friday, October 4, 2019

മുഖ്യമന്ത്രിയോട് പരാതികളും നിര്‍ദേശങ്ങളും നല്‍കാനുള്ള ദുബായ് സംവാദത്തിനിടെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ സഹോദരന്‍ ആന്‍റണി ഐസക്ക് മുഖ്യമന്ത്രിയോട് മൈക്കിലൂടെ പരാതി പറയുന്നു.

ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ സംഘടിപ്പിച്ച പ്രവാസി മലയാളികളുമായുള്ള സംവാദം, പഴയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച, പൊതുപരിപാടിയായെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുടെ യുഎഇയിലെ മുന്‍ സന്ദര്‍ശനങ്ങളിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ട ഉദ്ഘാടന പ്രസംഗം ഇതോടെ വലിയ വിമര്‍ശനത്തിന് വഴിതുറന്നു. അതേസമയം, മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനുള്ള തുറന്ന സംവാദത്തില്‍, സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ സഹോദരന്‍ പരസ്യമായി പരാതി ഉന്നയിച്ചതും ശ്രദ്ധേയമായി.

ദുബായില്‍ സംഘടിപ്പിച്ച പ്രവാസി മലയാളികളുമായുള്ള സംവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

ദുബായ് ഖിസൈസ് മുഹൈസിനയിലെ ഒരു സ്വകാര്യ സ്‌കൂളില്‍, വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് , പൊതുസമ്മേളനം ആരംഭിക്കുമെന്നായിരുന്നു, സംഘാടകരുടെ അറിയിപ്പ്. എന്നാല്‍, പൊതുയോഗം ഒരു മണിക്കൂര്‍ വൈകി, പത്തരയോടെയാണ് ആരംഭിച്ചത്. 10.21 ന് മുഖ്യമന്ത്രി ഹാളിലേക്ക് എത്തി.  ലോക കേരള സഭയുടെ അധ്യക്ഷന്‍ കൂടിയായ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. എന്നാല്‍, പ്രവാസികള്‍ക്കുള്ള നിയമസഹായം, 2019 ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ടോള്‍ ഫ്രീ നമ്പര്‍, സൗജന്യ ആംമ്പുലന്‍സ് സര്‍വീസ്, എംബസികളില്‍ മലയാളി ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കല്‍, പ്രവാസി പെന്‍ഷന്‍, പ്രവാസി ചിട്ടി, നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ഒമാന്‍ എയര്‍വേയ്‌സില്‍ പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌ക്കൗണ്ട് എന്നിവ അദേഹം ആവര്‍ത്തിച്ചു. കൂടാതെ, നോര്‍ക്കയിലേയ്ക്ക് വിവിധ പദ്ധതികള്‍ സംബന്ധിച്ച് 13 രാജ്യങ്ങളില്‍ നിന്നും 80,000 ആളുകള്‍ ഫോണിലൂടെ ബന്ധപ്പെട്ടു. ലോക കേരള കേന്ദ്രം തുടങ്ങാനുള്ള നടപടികള്‍ നടക്കുന്നു. മൃതദേഹം വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കിയത് മികച്ച രീതിയില്‍ നടക്കുന്നു. പ്രവാസി പെന്‍ഷന്‍ 500 ല്‍ നിന്നും 2000 ആയി വര്‍ധിപ്പിച്ച പഴയ കാര്യവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരളാബാങ്ക് എതു നിമിഷവും തുടങ്ങിയേക്കാം. ആര്‍ബിഐ അന്തിമ അനുമതിക്ക് കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്രകാരം, 20 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിച്ചു. ഇപ്രകാരം, പഴയ വിഷയങ്ങളുടെ ആവര്‍ത്തനമായി മുഖ്യമന്ത്രിയുടെ പ്രസംഗം മാറിയെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ പരാതി.

ഇതിന് ശേഷമാണ്, മുഖ്യമന്ത്രിയോട് പരാതികളും നിര്‍ദേശങ്ങളും നല്‍കാനുള്ള അര മണിക്കൂര്‍ സമയം അനുവദിച്ചത്. ആദ്യമെല്ലാം കൂടുതലും നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. ഇതിനിടെയാണ്, സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ സഹോദരനും പ്രവാസിയുമായ ആന്‍റണി ഐസക്കും, പരാതിയുമായി മൈക്ക് പിടിച്ച്  എഴുന്നേറ്റത്. പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ആന്‍റണി ഐസക്കിലേക്ക് മാറി. പ്രവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് കൊള്ള തുടരുകയാണെന്ന് ആന്‍റണി, പൊതുയോഗത്തില്‍ പരസ്യമായി പരാതിപ്പെട്ടു. അതിനാല്‍ ഇതിനി ബദലായി, കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കണമെന്നും അദ്ദേഹം പരാതിയ്‌ക്കൊപ്പം, നിര്‍ദേശം കൂടി മുന്നോട്ട് വെച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപ്പള്ളി സുരേന്ദ്രന്‍, നോര്‍ക്ക ഭാരവാഹികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിലെ ആദ്യ പരിപാടിയായിരുന്നു മലയാളികളുമായുളള ഈ സംവാദം.