
സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു ചര്‍ച്ച നടത്താതെ കേരള സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നില്‍ നിര്‍ണ്ണായകമായത് സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയ കേന്ദ്രമന്ത്രി, അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
പദ്ധതിയിലെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടാണ് കേരളം ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേരളത്തിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ മൂലം പദ്ധതി നടപ്പാകാത്ത സാഹചര്യമാണുള്ളതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തി. പിഎം ശ്രീ പദ്ധതിക്കായി താന്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും, കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി മന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം കേന്ദ്രമന്ത്രിയെ കാണുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നതുകൊണ്ട് കരാറിനായി താന്‍ പാലമായി പ്രവര്‍ത്തിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ബ്രിട്ടാസ് പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി, സിപിഐ മന്ത്രിമാരെപ്പോലും അറിയിക്കാതെയാണ് സിപിഎം ഏകപക്ഷീയമായി കരാറിലേക്ക് നീങ്ങിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. കരാര്‍ ഒപ്പിട്ട വിവരം പുറത്തുവന്നതോടെ സിപിഐ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയും, തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. രാജ്യസഭയില്‍ പിഎം ശ്രീക്കെതിരെ ശക്തമായ നിലപാടെടുത്ത ജോണ്‍ ബ്രിട്ടാസ് തന്നെ പദ്ധതിക്കായി രഹസ്യമായി പ്രവര്‍ത്തിച്ചു എന്ന വെളിപ്പെടുത്തല്‍ അദ്ദേഹത്തിനെതിരെ ഇരട്ടത്താപ്പ് ആരോപണങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.