ദുബായ് : ദുബായിലെ സ്വകാര്യ മേഖല നാളെ ( ജൂണ്‍ 3 ) ബുധനാഴ്ച മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും. ഇതോടെ, ഷോപ്പിങ് മാളുകളും സ്വകാര്യ മേഖലയിലെ ബിസിനസുകളും 100 ശതമാനം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണി്ത്. ഇതോടെ, ദുബായിലെ ചെറുതും വലുതുമായ എല്ലാതരം ഷോപ്പിംഗ് മാളുകളും ദുബായിലെ സ്വകാര്യമേഖല ബിസിനസും 100 ശതമാനം പ്രവര്‍ത്തന സജ്ജമാകും. അതേസമയം, ഗവര്‍മെന്റ് മേഖല നൂറ് ശതമാനം പ്രവര്‍ത്തന സജ്ജമാകുന്നതിനെ കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ പ്രതിപാദിച്ചിട്ടില്ല. നേരത്തെ, ഗവര്‍മെന്റ് ജീവനക്കാര്‍ ജൂണ്‍ 14 മുതല്‍ ഓഫീസുകളില്‍ നൂറ് ശതമാനം എത്തിതുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞു. യുഎഇയില്‍ ചൊവാഴ്ച പുതുതായി 596 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു പേര്‍ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 269 ആയും രോഗികള്‍ 35,788 ആയും കൂടി. അതേസമയം, 388 പേര്‍ കൂടി, രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 35,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് 596 പേരില്‍ രോഗബാധ കണ്ടെത്തിയത് . ഇതുവരെ 20 ലക്ഷത്തിലേറെ പരിശോധനകളും നടത്തി. ഇതില്‍ രണ്ടാഴ്ചക്കിടെ മാത്രം, ആറര ലക്ഷം പേരില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.