ചാരവൃത്തി: ബ്രഹ്‌മോസ് ജീവനക്കാരൻ അറസ്റ്റിൽ


ഇന്ത്യയുടെ തന്ത്രപ്രധാന ക്രൂയിസ് മിസൈൽ രഹസ്യങ്ങൾ ചോർത്തിയെന്ന സംശയത്തെ തുടർന്ന് നാഗ്പൂരിലെ ബ്രഹ്മോസ് മിസൈൽ യൂണിറ്റിലെ ജീവനക്കാരനെ ചാരവൃത്തിക്കേസിൽ അറസ്റ്റ് ചെയ്തു. ബ്രഹ്‌മോസ് യൂണിറ്റിൽ നാല് വർഷമായി ജോലി ചെയ്യുന്ന ഡി.ആർ.ഡി.ഒ ജീവനക്കാരനായ നിഷാന്ത് അഗർവാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്‍റാണെന്നും സംശയിക്കുന്നുണ്ട്.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡുകളുടെ സംയുക്ത നീക്കത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ പ്രതിരോധ ഗവേഷണ-വികസന കേന്ദ്രത്തിൽ മിസൈലുകൾക്ക് ആവശ്യമായ പ്രൊപ്പലന്‍റുകളും ഇന്ധനവും നിർമിക്കുന്ന യൂണിറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ  രഹസ്യവിവരങ്ങൾ ഇയാൾ കൈമാറിയോ എന്നതും അന്വേഷിക്കും.

ബ്രഹ്മോസ് മിസൈലുകളുടെ നിർമാണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഇയാളുടെ കൈവശമുണ്ടെന്ന് എ.ടി.എസ് പറഞ്ഞു. ഇത് പാകിസ്ഥാന് കൈമാറിയോ എന്നതും അന്വേഷണസംഘം പരിശോധിക്കും. അഗർവാളിന്‍റെ പ്രവർത്തനരീതികൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി. ഇന്ത്യ-റഷ്യ സംയുക്ത മിസൈല്‍ പദ്ധതിയാണ് ബ്രഹ്മോസ്.

കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ തന്ത്രപ്രധാനമായ മൂന്ന് പ്രതിരോധ കരാറുകളിലാണ് ഒപ്പുവെച്ചത്. റഷ്യയുടെ പക്കല്‍ നിന്നും എസ്-400 മിസൈലുകളടക്കമുള്ള ആയുധങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനിടെയാണ് ബ്രഹ്മോസില്‍നിന്നും ചാരവൃത്തിക്കേസില്‍ ഒരുദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നു എന്നതും ശ്രദ്ധേയമാണ്.

brahmosisispy
Comments (0)
Add Comment