‘കരിപ്പൂരും രാജമലയും രണ്ട് തരത്തിലുള്ള സംഭവങ്ങളാണ്’ ; ധനസഹായത്തില്‍ അനീതിയെന്ന വിമർശനത്തില്‍ മുഖ്യമന്ത്രി

Jaihind News Bureau
Saturday, August 8, 2020

തിരുവനന്തപുരം : രാജമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധന സഹായം പ്രഖ്യാപിച്ചതില്‍ അനീതിയുണ്ടെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ധനസഹായം സംബന്ധിച്ച് ഉയരുന്ന വിമർശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരം പ്രചരണം.  രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണ്. ദുരന്തത്തിന് ശേഷം എടുക്കേണ്ട നടപടികളും വ്യത്യസ്തമാണ്. രാജമലയിലെ ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ചത് പ്രാരംഭ ധനസഹായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  രക്ഷപ്രവര്‍ത്തനം വരെ പൂര്‍ത്തിയായതിന് ശേഷമേ നഷ്ടം എത്രയാണെന്നും, ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളമാണെന്നും മനസിലാക്കാന്‍ സാധിക്കൂ. അവിടുത്തെ ജനങ്ങളുടെ ജീവനോപeധിയും വാസസ്ഥലവും നഷ്ടമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതിന് ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ.

കോഴിക്കോട് ആശുപത്രിയില്‍ പോയപ്പോള്‍ രാജമലയില്‍ എന്തുകൊണ്ട് പോയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. രാജമലയില്‍ ഇപ്പോള്‍ നടക്കുന്നത് രക്ഷാപ്രവര്‍ത്തനമാണെന്നും ഒരോ സ്ഥലത്തിന്‍റെ സാഹചര്യം അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും  മുഖ്യമന്ത്രി അറിയിച്ചു. കരിപ്പൂർ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷവും രാജമല മണ്ണിടിച്ചിലില്‍ മരിച്ചവരുടെ  ആശ്രിതർക്ക് 5 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.