‘ജനിച്ചത് ഡല്‍ഹിയിലാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ മോദിയെക്കാള്‍ നന്നായി അറിയാം; നിങ്ങളുടെ കപടവാഗ്ദാനങ്ങളുടെ പേരില്‍ വോട്ട് തേടാന്‍ ധൈര്യമുണ്ടോ?’ : മോദിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Wednesday, May 8, 2019

Priyanka Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളുടെ പേരില്‍ വോട്ട് തേടാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഡല്‍ഹിയില്‍ ജനിച്ച തനിക്ക് ഈ നഗരം കൈവെള്ളയിലെന്നപോലെ അറിയാമെന്നും പ്രിയങ്ക പറഞ്ഞു.  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷീലാ ദീക്ഷിതിനായി ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഒരാളെന്ന നിലയില്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള ഘട്ടങ്ങളില്‍ താങ്കള്‍ക്ക് നോട്ട് നിരോധനം, ജി.എസ്.ടി, സ്ത്രീസുരക്ഷ, ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി വോട്ട് അഭ്യര്‍ത്ഥിക്കാനാകുമോ? – പ്രിയങ്കയുടെ ചോദ്യത്തിന് പിന്നാലെ ആള്‍ക്കൂട്ടത്തിന്‍റെ കരഘോഷവും ആര്‍പ്പുവിളിയും ഉയര്‍ന്നു.

മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. മതത്തിന്‍റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചു. തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ തെറ്റായ നയങ്ങളും ജി.എസ്.ടിയുമെല്ലാം പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു ചോദ്യത്തിനു പോലും പ്രധാനമന്ത്രി നേരിട്ട് മറുപടി പറയാറില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് മോദി ഒളിച്ചോടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി ഇവിടെയുണ്ടായിരുന്നു. പക്ഷേ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനോ പരിഹരിക്കാനോ അദ്ദേഹത്തിന് സമയമുണ്ടായില്ല. മോദിയുടെ ഒരു പ്രയോജനവുമില്ലാത്ത കവലപ്രസംഗത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ആളെന്ന നിലയില്‍ എനിക്ക് ഈ നഗരം സുപരിചിതമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് മോദിയെക്കാലും നന്നായി അറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.