കരാറില്ലാതെയുള്ള ബ്രെക്സിറ്റിനാണ് ബോറിസ് ജോൺസൺ സർക്കാർ ഒരുങ്ങുന്നതെന്ന് മുതിർന്ന മന്ത്രിസഭ അംഗങ്ങളുടെ വെളിപ്പെടുത്തൽ. ഒക്ടോബർ 31നകം ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ബോറിസ് പ്രഖ്യാപിച്ചിട്ടുള്ളത്.
കരാറില്ലാ ബ്രെക്സിറ്റിന്റെ ചുമതലയേൽപിച്ചിരിക്കുന്നത് മുതിർന്ന അംഗം മൈക്കിൾ ഗോവിനെയാണ്. അതേസമയം, കരാർ സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി സർക്കാർ ചർച്ചക്ക് സാധ്യത തേടുന്നുണ്ടെന്നും അംഗങ്ങൾ വ്യക്തമാക്കി.
ഇനിയൊരു കരാറിനായി ചർച്ചക്കില്ലെന്ന് തെരേസ മേയിയുടെ കാലത്തുതന്നെ യൂറോപ്യൻ യൂനിയൻ നയം വ്യക്തമാക്കിയതാണ്. അതിനിടെ, ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കണമെങ്കിൽ ഉടൻതന്നെ ബ്രിട്ടൻ വലിയ അളവിൽ പണം സ്വരുക്കൂട്ടേണ്ടിവരുമെന്ന് ധനകാര്യ സെക്രട്ടറി സാജിദ് ജാവീദ് അഭിപ്രായപ്പെട്ടു. കരാറില്ലാതെയുള്ള പിൻവാങ്ങലിനെതിരെ പ്രതിപക്ഷമായ ലേബർ പാർട്ടിയും ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിലെ അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്. കരാറില്ലാ ബ്രെക്സിറ്റിനെ എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് അവരുടെ ചർച്ച. ചർച്ചക്ക് ചുക്കാൻപിടിക്കുന്നത് മന്ത്രിസഭയിൽനിന്ന് രാജിവെച്ച ഫിലിപ്പ് ഹാമണ്ടാണ്.
ബ്രിട്ടനു കീഴിലുള്ള വടക്കൻ അയർലൻഡിനും അയർലൻഡിനും യൂറോപ്യൻ യൂനിയനും കീഴിലുള്ള ഐറിഷ് റിപ്പബ്ലിക്കും തമ്മിലുള്ള അതിർത്തി തർക്കമാണ് ബ്രെക്സിറ്റിലെ പ്രധാന കീറാമുട്ടി. ഇവക്കിടയിൽ തുറന്ന അതിർത്തി തുടരണോ അല്ലെങ്കിൽ അതിർവരമ്പുകൾ നിർമിക്കണോ എന്നതാണ് തർക്കവിഷയം. നിലവിൽ അതിർത്തിയില്ലാത്തതിനാൽ ആളുകൾക്ക് ഇരുഭാഗത്തേക്കും സുഗമമായി സഞ്ചരിക്കാം. പ്രത്യേക നികുതിയോ കസ്റ്റംസ് പരിശോധനയോ അതിർത്തിയിലില്ല. കരവഴിയും കടൽമാർഗവും ചരക്കുഗതാഗതം നടത്തുന്നതിനും പ്രശ്നമില്ല. ബ്രെക്സിറ്റിനുശേഷം മതിൽ നിർമിച്ചാൽ ജനങ്ങളുടെ ജോലി, വിദ്യാഭ്യാസം എന്നിവയെ ബാധിക്കും. അതിനാൽ തുറന്ന അതിർത്തി നിലനിൽക്കണം എന്നാണ് ഐറിഷ് റിപ്പബ്ലിക്കിന്റെ ആവശ്യം.