ലണ്ടൻ: ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. കൺസർവേറ്റീസ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കും. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരും. അതേസമയം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും ബോറിസ് മന്ത്രിസഭയിലെ ധനമന്ത്രിയും ആയിരുന്ന ഋഷി സുനാക് എത്തിയേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചിരുന്നു. പ്രതിസന്ധി വഷളായതോടെ ബോറിസ് ജോണ്‍സന്റെ രാജിയില്‍ കലാശിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട ‘പാര്‍ട്ടിഗേറ്റ്’ വിവാദത്തില്‍ നിന്നാണ് തുടക്കം. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയുണ്ടായി. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേർ എതിർത്ത് വോട്ട് ചെയ്തു. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം. പാര്‍ലമെന്റില്‍ 359 എംപിമാരാണ് ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇതിന് പിന്നാലെ ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിക്കുകയും ചെയ്തതോടെ മന്ത്രിസഭയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചു. ഇതോടെ അനിവാര്യമായ രാജിയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.
അതേസമയം ഇന്ത്യന്‍ വംശജനായ ഋഷി സുനാക് അടുത്ത പ്രധാനമന്ത്രിയാകുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. ധനമന്ത്രിയായിരുന്നു ഋഷി സുനാക്കാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവെച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആര് നാരായണ മൂർത്തിയുടെ മരുമകനായ സുനാക്കിന്റെ കുടുംബം പഞ്ചാബിൽ നിന്ന് കുടിയേറിയവരാണ്. വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനാക്. 2020 ഫെബ്രുവരിയിലാണ് 42 വയസുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്.