‘കേദാര്‍നാഥ്’ നാളെ ബോംബെ കോടതിയില്‍

Jaihind Webdesk
Wednesday, December 5, 2018

Kedarnath-BombayHC

സുശാന്ത് സിംഗ് രജ്പുത് നായകനായി അഭിനയിക്കുന്ന കേദാർനാഥിന് എതിരായ ഹർജി നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് കേദാര്‍നാഥ് വീണ്ടും പരിശോധിക്കണമെന്നും വേണ്ട നടപടി സ്വീകരിക്കാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ഉത്തരാഖണ്ഡിൽ 2013 ൽ ഉണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ നിര്‍മിച്ചിരിക്കുന്ന ചിത്രമാണ് കേദാര്‍നാഥ്. അഭിഷേക് കപൂർ സംവിധാനം ചെയ്ത ഈ പ്രണയകഥയില്‍ നായകനാകുന്നത് സുശാന്ത് സിംഗ് രജ്പുത് ആണ്. ബോളിവുഡ് നടൻ സൈഫ് അലിഖാന്‍റെ മകൾ സാറ അലി ഖാന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.

പ്രളയത്തിൽ അകപ്പെടുന്ന ഒരു നാടിന്‍റെ കഥ പറയുന്ന ചിത്രത്തിൽ, പ്രളയത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന നായക മൻസൂറിന്‍റെയും നായിക മുക്കുവിന്‍റെയും പ്രണയമാണ് പറയുന്നത്.

ഹിമാലയത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്ന സിനിമയിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഡിസംബര്‍ 7ന് ചിത്രം തിയേറ്ററില്‍ എത്താനിരിക്കെയാണ് കേസ്.