‘ബോംബ് നിർമ്മാണം പതിവ്, ആളൊഴിഞ്ഞ വീടുകള്‍ പാർട്ടി പ്രവർത്തകരുടെ ഹബ്ബ്; പുറത്തുപറഞ്ഞാല്‍ ജീവന് ഭീഷണി’; ജീവിക്കാന്‍ അനുവദിക്കണമെന്ന് യുവതി

Jaihind Webdesk
Wednesday, June 19, 2024

 

കണ്ണൂർ: എരഞ്ഞോളി സ്ഫോടനത്തിൽ വെളിപ്പെടുത്തലുമായി സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്‍റെ അയൽവാസി സീന. തൊട്ടടുത്ത പറമ്പിൽ നിന്ന് നേരത്തേയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റിയതായും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്‍റെ വീട് ഷാഫി പറമ്പിൽ എംപി സന്ദർശിക്കാൻ എത്തിയപ്പോഴാണ് വേലായുധന്‍റെ അയൽവാസിയായ സീന എന്ന യുവതി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. “സാധാരണക്കാരായ ജനങ്ങൾക്ക് ഇവിടെ ജീവിക്കണം. ആളൊഴിഞ്ഞ വീടുകളെല്ലാം പാർട്ടി പ്രവർത്തകരുടെ ഹബ്ബാണ്. ഇവർക്കെതിരെ ആര് പറഞ്ഞാലും അവരുടെ വീടും ബോംബെറിഞ്ഞു തകർക്കും. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണം. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട്. തൊട്ടടുത്ത പറമ്പിൽ നിന്ന് നേരത്തേയും ബോബുകൾ കണ്ടെടുത്തിട്ടുണ്ട്. പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ആ ബോംബുകൾ എടുത്തുമാറ്റുകയായിരുന്നു” – യുവതി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കാൻ അമ്മ ശ്രമിച്ചെങ്കിലും സീന അതിൽ നിന്ന് പിന്മാറിയില്ല. ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതിന് നാളെ തങ്ങളെ വീട്ടിലേക്കും ഇവർ ബോംബെറിഞ്ഞെക്കാമെന്നും സീന പറഞ്ഞു. പ്രദേശവാസിയായ സീനയുടെ വെളിപ്പെടുത്തൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്. നിരപരാധികള്‍ കൊല്ലപ്പെടുമ്പോഴും ബോംബ് നിർമ്മാണം അവസാനിപ്പിക്കാന്‍ സിപിഎം തയാറാകാത്തതിനെതിരെ പ്രദേശവാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.