തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയത് സ്റ്റീല്‍ പാത്രം; തുറന്നതോടെ ഉഗ്രസ്ഫോടനം, ശരീരം ചിന്നിച്ചിതറി; കണ്ണൂരിനെ നടുക്കി വീണ്ടും ബോംബ് സ്ഫോടനം

Jaihind Webdesk
Tuesday, June 18, 2024

 

കണ്ണൂർ: തലശേരില്‍ വയോധികന്‍ കൊല്ലപ്പെട്ടത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. എരഞ്ഞോളി സ്വദേശി വേലായുധൻ ആണ് മരിച്ചത്. വേലായുധന്‍റെ വീടിന് സമീപത്തെ ആൾ താമസമില്ലാത്ത വീടിന്‍റെ പറമ്പിൽ നിന്ന് കിട്ടിയ ചെറിയ സ്റ്റീൽ പാത്രം തുറന്നപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തേങ്ങ പെറുക്കാനെത്തിയപ്പോള്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കവെയാണ് സ്ഫോടനം നടന്നത്.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. ആൾത്താമസമില്ലാത്ത വീട്ടിലാണ് സ്ഫോടനം നടന്നത്. ഉഗ്രസ്ഫോടന ശബ്ദം കേട്ട് ഓടി കൂടിയ ആളുകളാണ് ചോരയിൽ കുളിച്ച് കിടക്കുന്ന വേലായുധനെ കണ്ടത്. സ്ഫോടനത്തിൽ വേലായുധന്‍റെ രണ്ട് കൈയും കാലും ചിതറി പോയിരുന്നു. ഗുരുതരമായി പരുക്കേറ്റ വേലായുധനെ തലശേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ഫോടനം നടന്ന വീടിന്‍റെ സമീപത്താണ് വേലായുധന്‍റെ വീട്. ഈ വീടിനോട് ചേർന്നാണ് സ്ഫോടനം നടന്ന വീട്. തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽ നിന്ന് കിട്ടിയ ചെറിയ സ്റ്റീൽ പാത്രം തുറന്നപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് സൂചന. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന്‍റെയും തലശേരി എസിപിയുടെ നേതൃത്വത്തിൽ സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി. സ്ഫോടനം നടന്ന വീട്ടിലും പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പോലിസിന്‍റെ പ്രാഥമിക നിഗമനം. വേലായുധന്‍റെ മൃതദ്ദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ബോംബ് സ്ഫോടനത്തിൽ വീണ്ടും ഒരാൾ കൊല്ലപ്പെടുന്നത് പോലീസിന് തലവേദനയായി മാറിയിരിക്കുകയാണ്.