ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന് മുമ്പുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. പൂർബ ബർധമാൻ ജില്ലയിലെ കേതുഗ്രാം മണ്ഡലത്തിലാണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച രാത്രി പ്രദേശത്തെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽനിന്ന് ബോംബ് നിർമിക്കുന്ന സാമഗ്രികൾ ഉൾപ്പെടെ കണ്ടെത്തിയതായി റൂറൽ എ.എസ്.പി ധുർബ ദാസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പരസ്പര ആരോപണങ്ങളുമായി തൃണമൂലും ബിജെപിയും രംഗത്തെത്തി. പ്രതികളെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്ഫോടനം നടന്ന വീട്ടിൽ തന്നെയാണ് ബോംബ് നിർമിച്ചതെന്നും പൊലീസ് അറിയിച്ചു.
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. 43 മണ്ഡലങ്ങളിലായി 306 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒരു കോടി വോട്ടർമാർ ആറാം ഘട്ടത്തില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ഉണ്ടാക്കിയത്. 43ൽ 32 സീറ്റുകളും തൃണമൂൽ കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ 2019ല്‍ 19 സീറ്റുകളിൽ ബിജെപി മുന്നേറ്റം നടത്തി.