തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; ആക്രമണം പ്രതികളെ പിടികൂടാനെത്തിയപ്പോള്‍; പ്രതി കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Jaihind Webdesk
Friday, January 13, 2023

തിരുവനന്തപുരം : കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്.   തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. അറസ്റ്റു ചെയ്യാന്‍ വീട് വളഞ്ഞപ്പോളായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, പൊലീസിന് നേരെ മഴുവും ആയുധങ്ങളും വലിച്ചെറിഞ്ഞു.

ആന്തൂര്‍ക്കോണം സ്വദേശികളായ പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു.

അതേസമയം പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ രംഗങ്ങളുണ്ടായി. പൊലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു.  സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശിപത്രിയിലേക്ക് മാറ്റി.