ഭരതന്നൂരില്‍ 14കാരന്‍റെ ദുരൂഹ മരണം : ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധന നടത്തും; പരിശോധന തിങ്കളാഴ്ച

Jaihind News Bureau
Saturday, October 12, 2019

ഭരതന്നൂർ രാമരശ്ശേരി വിജയ വിലസത്തിൽ ആദർശ് വിജയന്‍റെ (14) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. കുട്ടിയുടെ ശരീരാവശിഷ്ടം റീ പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയും നടത്തി ചില തെളിവുകൾ കൂടി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് കല്ലറ വീണ്ടും തുറക്കുന്നത്. 2009 ഏപ്രിൽ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയ ബാലനെ വീട്ടിനടുത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തലയിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മൺവെട്ടിക്കൈയ്യും കുളത്തിൽ നിന്നും കണ്ടെത്തി.

എന്നാൽ കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതുസംബന്ധിച്ച്‌ ചോദ്യംചെയ്തിട്ടുണ്ട്. ചിലർ നിരീക്ഷണത്തിലുമാണ്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. കല്ലറ തുറന്ന് പരിശോധിയ്ക്കുന്നതിന്‍റെ ഭാഗമായി ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘവും പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ എത്തി രക്ഷാകർത്താക്കളെയും ബന്ധുക്കളെയും കണ്ടു.