താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞു: മരണം 16 ആയി; ബോട്ടിലുണ്ടായിരുന്നത് 40 ലേറെ പേര്‍

Jaihind Webdesk
Sunday, May 7, 2023

 

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിൽ വിനോദ യാത്രാ ബോട്ട് മുങ്ങി വന്‍ അപകടം. 16 പേർ മരിച്ചതായി പ്രാഥമിക വിവരം. കുട്ടികളും സ്ത്രീകളുമടക്കമാണ് മരിച്ചത്‌. ബോട്ടിലുണ്ടായിരുന്ന ആറുപേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദ യാത്രാ ബോട്ട് മുങ്ങി അപകടമുണ്ടായത്. 40 ലേറെ യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയായിരുന്നു.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.