ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട്

Jaihind Webdesk
Friday, October 15, 2021

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.  ഡാമിലെ ജലനിരപ്പ് 2390.86 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചത്. 2403 അടിയാണ് ഡാമിന്‍റെ സംഭരണ പരിധി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2392.52 അടിയായിരുന്നു ഡാമിലെ ജല നിരപ്പ്.

നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലർട്ട് ലെവൽ. പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമും പരിസരവും സൂക്ഷ്മനിരീക്ഷണത്തിലാണുള്ളത്.

സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും ആണ്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജാഗ്രതാ മുന്നറിയിപ്പും കടലില്‍ പോകുന്നതിന് വിലക്കുമുണ്ട്.