ബിജെപിയിൽ കുഴൽപ്പണ വിവാദം കത്തുന്നു ; തൃശൂരിലെ കവർച്ചയിൽ നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

Jaihind Webdesk
Saturday, April 24, 2021

 

തൃശൂർ : ബിജെപിയിൽ കുഴൽപ്പണ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച മൂന്നര കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം മുറുകുകയാണ്. തൃശൂർ കേന്ദ്രീകരിച്ച് നടന്ന കവർച്ചയിൽ ബി ജെ പി നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിലും ശക്തമായി. കാര്യം നിസാരമല്ലെന്ന് ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടു വന്ന മൂന്നര കോടി തട്ടിയെടുത്തത് സിനിമാ സ്റ്റൈലിലാണ്. പണവുമായി പോയ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് മൂന്നര കോടി കവർന്നത്. കാറും തട്ടിയെടുത്തു. ദേശീയ പാതയിലെ കൊരട്ടിയിൽ വെച്ച് ഈ മാസം 3 ന് പുലർച്ചെയാണ് ആസൂത്രിത കവർച്ച.

ഭൂമി ഇടപാടിനായി കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം തട്ടിയെടുത്തെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികൾ കൊടകര പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് മോഷണം പോയ കാർ ഇരിങ്ങാലക്കുട ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്‍റെ ഉൾവശം കുത്തി പൊളിച്ച നിലയിലാണ്. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പരാതിയിൽ പറയുന്ന കാര്യം ശരിയല്ലെന്നും തെരഞ്ഞെടുപ്പ് കുഴൽ പണമായി മൂന്നര കോടി കടത്തുകയായിരുന്നു എന്നും വ്യക്തമായത്. സംഭവം പുറത്തറിഞ്ഞതോടെ ബി ജെ പി സംസ്ഥാന നേതൃത്വം ആഭ്യന്തര അന്വേഷണം തുടങ്ങി. പാർട്ടിയുടെ മധ്യ മേഖലയിലെ ചില പ്രമുഖ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന.
ജയ്ഹിന്ദ് ന്യൂസ്, തൃശൂർ