മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

Jaihind Webdesk
Saturday, July 30, 2022

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. എളമക്കര സ്റ്റേഷനിലെ എസ്എച്ച്ഒ ജി സാബുവിനെയാണ് വാടാനപ്പള്ളി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്.

വെള്ളിയാഴ്ച എറണാകുളം കാക്കനാട് ഗവണ്‍മെന്‍റ് പ്രസിലെ പുതിയ മെഷീൻ ഉദ്‌ഘാടനം ചെയ്ത് മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇടറോഡില്‍നിന്ന് കാക്കനാട് ജംഗ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി വാഹനത്തിന് അടുത്തെത്തുകയും ഗ്ലാസില്‍ ഇടിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെയാണ് എളമക്കര സ്റ്റേഷനിലെ എസ്എച്ച്ഒ ജി സാബുവിനെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് ഉത്തരവിട്ടത്. എന്നാല്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല, സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ് ഉത്തരവ്.