എല്‍.ജെ.പി തന്ത്രമേറ്റു, നിതീഷിന് മൂക്കുകയർ ; കടിഞ്ഞാണ്‍ ബി.ജെ.പിക്ക്

പറ്റ്ന : ബിഹാറിൽ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ സഖ്യനേതാവും അഞ്ചു തവണ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിനെ പിന്തള്ളി ബി.ജെ.പിക്ക് മുന്നേറ്റം. ഒരിക്കൽ പോലും ബിഹാർ മുഖ്യമന്ത്രിസ്ഥാനം സ്വന്തമാക്കാൻ കഴിയാതിരുന്ന ബി.ജെ.പി ഇക്കുറി ചിരാഗിന്‍റെ സഹായത്തോടെ ഭരണത്തിലെത്താനുള്ള നീക്കമാണ് നടത്തുന്നത്.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന എൽ.ജെ.പി നിതീഷ് കുമാറിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ സീറ്റ് വിഭജനത്തിന്‍റെ പേരിൽ എൻ.ഡി.എ വിട്ട ചിരാഗ് പസ്വാനോട് മൃദുസമീപനമാണ് അമിത് ഷായും നരേന്ദ്ര മോദിയും സ്വീകരിച്ചിരുന്നത്. നിതീഷിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ചിരാഗ് എല്ലാം ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് പറയുകയും ചെയ്തിരുന്നു. മോദിക്കോ തനിക്കോ വോട്ട് ചെയ്യാനാണ് ചിരാഗ് പറഞ്ഞിരുന്നത്. ചിരാഗിനെ വെറുപ്പിക്കാതെ നിതീഷിനെ ഒതുക്കാൻ ബി.ജെ.പി പ്ലാൻ ബി നടപ്പാക്കുകയായിരുന്നുവെന്ന വിമർശനം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലസൂചനകൾ.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ ജെ.ഡി.യുവിന്‍റെ എഴുപത് ശതമാനം സ്ഥാനാര്‍ത്ഥികളും ഇക്കുറി പിന്നിലാണ്. സിറ്റിംഗ് എം.എല്‍.എമാർ ഉള്‍പ്പെടെ പിന്നിലാണ്. വർഷങ്ങളായി നിതീഷിന് പിന്നിലായിരുന്ന ബി.ജെ.പി ഇക്കുറി മേൽക്കൈ നേടുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ 53 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയിരുന്നത്. 2015 ൽ ലാലുവിനും കോൺഗ്രസിനും ഒപ്പമാണ് നിതീഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടു വർഷത്തിനു ശേഷം ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച നിതീഷ് എൻ.ഡി.എയിലേക്ക് വീണ്ടും ചേക്കേറുകയായിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിതീഷിനെ എൻ.ഡി.എ വിഴുങ്ങുന്ന കാഴ്ചയ്ക്കാണ് ബിഹാർ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.

അതേസമയം നിലവില്‍ എന്‍.ഡി.എയ്ക്കാണ് മുന്‍തൂക്കമെങ്കിലും കടുത്ത മത്സരം ഉയർത്തി മഹാസഖ്യം തൊട്ടുപിന്നിലുണ്ട്. വോട്ടെണ്ണല്‍ മന്ദഗതിയില്‍ നീങ്ങുന്നതിനാല്‍ കൃത്യമായ ചിത്രമാണ് ഇപ്പോഴത്തേതെന്ന് പറയാനാകില്ല. വൈകിട്ടോടെ മാത്രമേ സീറ്റ് സംബന്ധിച്ച വ്യക്തത കൈവരികയുള്ളൂ. കണക്കുകള്‍ മാറിമറിയാവുന്ന അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും ബിഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

Comments (0)
Add Comment