വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതാണ് ഇന്ത്യയുടെ കരുത്ത്; ബിജെപിയുടേത് വെറുപ്പിന്‍റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, September 14, 2022

 

കൊല്ലം: ബിജെപിയുടേത് വെറുപ്പിന്‍റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യയുടെ കരുത്ത്. സഹിഷ്ണുതയും സൗഹൃദവും സാഹോദര്യവും ഇന്ത്യയുടെ കരുത്താണ്. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് ബിജെപിയുടെ പ്രത്യയശാസ്ത്രമെന്നും ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച രാഹുല്‍ ഗാന്ധി മഹാരഥർ പകർന്ന ആശയങ്ങളാണ് കേരളത്തിലെ ജനതയുടെ കരുത്തെന്നും പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പരസ്പര ബഹുമാനവും ഇതര പ്രത്യയശാസ്ത്രങ്ങളെ ആദരിക്കുവാനുമുള്ള കഴിവുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ ആദ്യദിവസത്തെ പര്യടനത്തിന്‍റെ സമാപനവേദിയായ പള്ളിമുക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി പറഞ്ഞത്:

രാവിലെ ശ്രീനാരായാണ ഗുരുദേവസമാധിയിൽ നിന്നാണ് ഞാന്‍ യാത്ര ആരംഭിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം നിരവധി സന്യാസിവര്യന്മാർ നിങ്ങൾക്കുണ്ട്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങി നിരവധി ഋഷിവര്യന്മാർ ഈ നാടിന്‍റെ സംസ്‌കാരത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാമാണ് കേരളത്തിന്‍റെ പുരോഗതിയുടെയും വളർച്ചയുടെയും ദിശാബോധം നമുക്ക് കാണിച്ചുതന്നത്. ഒരുമയുടെയും സാഹോദര്യത്തിന്‍റെയും സൌഹാർദത്തിന്‍റെയും സന്ദേശമാണ് ഇവരെല്ലാം പകർന്നുനൽകിയത്. ഒരാൾ പോലും വെറുപ്പോ വിദ്വേഷമോ വൈരാഗ്യമോ പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. അതാണീ സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും പൊതുബോധം. അതുകൊണ്ടുതന്നെ കേരളത്തിന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കാനുണ്ട്.

ഇന്ന് നാം രാജ്യത്ത് എവിടെ നോക്കിയാലും വിദ്വേഷവും വെറുപ്പുമാണ് കാണാനാകുന്നത്. സഹോദരീ സഹോദരൻമാരായി കാണുന്നില്ല. ബിജെപിയുടേത് വിഭജനത്തിന്‍റെയും വിഭാഗീയതയുടെയും വെറുപ്പിന്‍റെയും പ്രത്യയശാസ്ത്രമാണ്. എന്താണ് ഇന്ത്യയുടെ മഹത്തായ ശക്തി. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യയുടെ കരുത്ത്. സഹിഷ്ണുതയും സൗഹൃദവും സാഹോദര്യവും ഇന്ത്യയുടെ കരുത്താണ്. അഹിംസയുടെയും സമാധാനത്തിന്‍റെയും പാത സ്വീകരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിക്കെതിരെ മഹാത്മാ ഗാന്ധി പൊരുതിയത്. ആർഎസ്എസിന്‍റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം നമ്മുടെ കരുത്തിനെ ഇല്ലാതാക്കുന്നതാണ്. ഇത് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ഇന്ന് കശുവണ്ടി തൊഴിലാളികളുടെ പ്രതിനിധികളെ കണ്ടു. ഇന്നവർ വലിയ ബുദ്ധിമുട്ടിലാണ്. ഇന്ത്യക്കാർ തന്നെ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് പ്രതീക്ഷയോടെ ഭാവിയെ നോക്കിക്കാണാനാകുന്നില്ല. വിദ്വേഷവും വെറുപ്പും പരത്താൻ ആർക്കുവേണമെങ്കിലും എളുപ്പത്തിൽ പടർത്താന്‍ കഴിയും. എന്നാൽ ആളുകളെ ഒന്നിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. അതിന് ക്ഷമ ആവശ്യമാണ്. എനിക്ക് നല്ല ഉറപ്പുണ്ട്, കേരളത്തിലെ ജനങ്ങൾക്ക് പരസ്പര ബഹുമാനവും ഇതരപ്രത്യയശാസ്ത്രങ്ങളെ ആദരിക്കാനുള്ള കഴിവുമുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. നിരവധി പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും കേരളത്തിലേക്ക് കടന്നുവന്നു. ഇതിനെയെല്ലാം കേരളം ബഹുമാനത്തോടെയും സാഹോദര്യത്തോടെയും കണ്ടു. നിങ്ങൾ ഇവിടെ നിന്ന് വിദേശത്തേക്ക് പോയി. നിങ്ങളാണ് ഗൾഫ് നഗരവും ദുബായ് നഗരവുമെല്ലാം പടുത്തുയർത്തിയത്.  കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ ആദരവാണ് ലഭിക്കുന്നത്. അവിടെയുള്ള ഏത് ആശുപത്രിയിൽ പോയി ഇവിടെനിന്നുള്ള നഴ്‌സുമാരെക്കുറിച്ച് നിങ്ങൾക്ക് തിരക്കാം. വളരെ ആദരവും സ്‌നേഹവുമാണ് അവരോടുള്ളത്. കേരളത്തിൽ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസമുണ്ട്. എന്തുകൊണ്ട് കേരളത്തിന് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം? സംസ്ഥാനത്തിന്റെ ഡിഎൻഎയിൽ തന്നെ അതുണ്ട്. നിങ്ങൾക്ക് മറ്റുള്ളവരോട് ബഹുമാനവും ആദരവുമുണ്ട്. ശ്രീനാരായണഗുരുവും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പി സ്വാമിയും ഉൾപ്പെടെയുള്ളവർ ഉണ്ടാക്കിയ മഹത്തായ നവോത്ഥാനത്തിന്‍റെ കൂടി ഭാഗമായാണ് കേരളം വിദ്യാഭ്യാസപരമായ പുരോഗതി നേടിയത്.

ശ്രീനാരായണ ഗുരുദേവന്‍റെ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കാതെ പ്രതിമ സ്ഥാപിക്കുകയും പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് നിൽക്കുകയും ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അത് ശ്രീനാരായണ ഗുരുവിനോടുള്ള അനാദരവാണ്. ഗുരുവിന്‍റെ സന്ദേശത്തെ പിന്തുടർന്നതിന് ശേഷമാകണം ആ പ്രതിമയ്ക്ക് മുന്നിൽ വണങ്ങേണ്ടത്. ഇന്ത്യയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും രണ്ട് വീക്ഷണങ്ങളുണ്ട്. ഒന്ന് അനാദരവും, പകയും വിദ്വേഷവും, ജനങ്ങളെ കേൾക്കാതിരിക്കുകയും. മറ്റൊന്ന് സ്‌നേഹത്തോടും കാരുണ്യത്തോടും ബഹുമാനത്തോടും മറ്റുള്ളവരെ കാണുക. ഇതാണ് വളർത്തിക്കൊണ്ടുവരേണ്ടത്. ഇതാണ് ഭാരത് ജോഡോ യാത്രയിലൂടെ നമ്മൾ ലക്ഷ്യമിടുന്നത്. നമ്മുടെ ജനം ബുദ്ധിയും വിവേകവും ഉള്ളവരാണ് എന്ന് തെളിയിക്കുന്നതാണ് ഈ യാത്രയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണ. രാജ്യത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുക്കുന്ന മറുപടിയാണ്, അതിന് അവർക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന ഈ യാത്ര. എല്ലാ മതങ്ങളും, എല്ലാ ഭാഷകളും എല്ലാ സംസ്ഥാനങ്ങളും ഒന്നായി നിൽക്കണം. ഇതിലൊന്നിനോട് പോലും നമ്മൾ അനാദരവ് കാട്ടാൻ പാടില്ല. അതാണ് ഈ യാത്രയുടെ സന്ദേശം. ഈ തെരുവോരങ്ങളിലൂടെ നടന്നപ്പോൾ എനിക്ക് നിങ്ങൾ നൽകിയ സ്‌നേഹവും ആദരവും ജീവിതകാലം മുഴുവൻ ഓർമ്മിക്കും. എല്ലാവർക്കും എന്‍റെ നന്ദി.