‘ബിജെപിയുടേത് പാർട്ടിക്കാർ പോലും വോട്ട് ചെയ്യാത്ത സ്ഥാനാർത്ഥികള്‍’ : നേതൃത്വത്തിന് സംസ്കാരത്തിന്‍റെ കുറവെന്നും സിപിഎം-ബിജെപി ഡീല്‍ വെളിപ്പെടുത്തിയ ബാലശങ്കർ

Jaihind News Bureau
Friday, March 19, 2021

കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻ പത്രാധിപരും ബിജെപി നേതാവുമായ ആർ ബാലശങ്കർ. ബിജെപി നേതൃത്വത്തിന് സംസ്കാരത്തിന്‍റെയും ഹൃദയവിശാലതയുടെയും പക്വതയുടെയും കുറവാണെന്ന് ബാലശങ്കർ തുറന്നടിച്ചു. പാർട്ടിക്കാർ പോലും വോട്ട് ചെയ്യാത്തവരെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് സിപിഎം – ബിജെപി ഡീലെന്ന തുറന്നുപറച്ചിലിന് പിന്നാലെയാണ് ബാലശങ്കറിന്‍റെ കടന്നാക്രമണം.

വി. മുരളീധരനും കെ. സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാർട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ ലക്ഷണമാണ്. ബിജെപിയുടെ സുപ്രധാനമായ പല സമിതികളിലും അംഗവും ഏഴു വർഷമായി ബിജെപി കേന്ദ്ര ഓഫീസിൽ ഇരിപ്പിടമുള്ള ആളായിട്ടും തന്നെ പരമാവധി അപമാനിക്കുകയാണ് ചെയ്തത്. സ്ഥാനാർത്ഥിയാകാൻ എന്നെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ച കാര്യം മുരളീധരനോടും സുരേന്ദ്രനോടും പറഞ്ഞതാണ്. അന്ന് അത് സ്വാഗതം ചെയ്ത അവർ ഇപ്പോൾ അറിയില്ല എന്നു പറയുന്നു. ആർഎസ്എസ് കാര്യവാഹകിനെതിരെയും ബാലശങ്കർ വിമർശനം ഉന്നയിച്ചു. ഇത്തരം സമീപനത്തിലൂടെ ഇവർ ബിജെപിയെ തന്നെയാണ് പുച്ഛിക്കുന്നത്. അന്തസുള്ള ഒരു പാർട്ടി നേതൃത്വം ഇങ്ങനെ ചെയ്യില്ലെന്നും ബാലശങ്കർ ചൂണ്ടിക്കാട്ടി. ബിജെപി – സിപിഎം ഡീൽ തുറന്നുപറഞ്ഞതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ആക്രമണം അഴിച്ചുവിടുന്നുവെന്നും അങ്ങനെ ഭയപ്പെടുത്താമെന്നു കരുതേണ്ടെന്നും ബാലശങ്കർ പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ബാലശങ്കറിന്‍റെ പ്രതികരണം.