റെയ്ഡിനിടയിലെ ബിജെപി സാന്നിധ്യം: വീഡിയോ പുറത്തുവിട്ട് മഹാരാഷ്ട്ര മന്ത്രി; നടന്നത് വ്യാജ പരിശോധനയെന്ന് ആരോപണം

Jaihind Webdesk
Thursday, October 7, 2021

 

മുംബൈ : ആഡംബര കപ്പലില്‍ നടന്ന ലഹരി പാർട്ടിക്കിടെ നടത്തിയ പരിശോധനയിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്കൊപ്പം (എൻസിബി) ബിജെപി ഓഫീസ് ഭാരവാഹിയും സ്വകാര്യ കുറ്റാന്വേഷകനും പങ്കടുത്തെന്ന ആരോപണം ചർച്ചയാകുന്നതിനിടെ വീഡിയോ പുറത്തുവിട്ട് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്.

സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്‍സിബി റെയ്ഡ് വ്യാജമാണെന്ന ആരോപണമാണ് എന്‍സിപി ഉന്നയിക്കുന്നത്. അറസ്റ്റിലായ ആര്യനെയും അര്‍ബാസ് മെര്‍ച്ചന്‍റിനെയും എന്‍സിബി ഓഫിസിലേക്ക് കൊണ്ടുപോയത് എന്‍സിബി ഉദ്യോഗസ്ഥരല്ലെന്നും അര്‍ബാസിനൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവര്‍ത്തകനാണെന്നും വിഡിയോകളില്‍ വ്യക്തമാണെന്ന് എന്‍സിപി ചൂണ്ടിക്കാട്ടുന്നു. ആര്യനൊപ്പം സെല്‍ഫിയിലും വിഡിയോയിലും കാണുന്നത് സ്വകാര്യ കുറ്റാന്വേഷകൻ എന്ന് അവകാശപ്പെടുന്ന കെ.പി ഗൊസാവിയും രണ്ടാമന്‍ ബിജെപി വൈസ് പ്രസിഡന്‍റ് മനീഷ് ഭാനുശാലി ആണെന്നും എന്‍സിപി ആരോപിച്ചു. കപ്പലിലെ പരിശോധനയ്ക്ക് ശേഷം സ്വകാര്യ കുറ്റാന്വേഷകൻ എന്ന് അവകാശപ്പെടുന്ന കെ.പി ഗൊസാവി, ബിജെപി ഭാരവാഹിയെന്ന് കരുതുന്ന മനീഷ് ഭാനുശാലി എന്നിവർ കാറിൽ വന്നിറങ്ങി എൻസിബി ഓഫീസിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

 

കെ.പി ഗൊസാവി ആര്യനൊപ്പം

അതേസമയം ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാനൊപ്പം സെൽഫിയെടുത്തയാൾ തങ്ങളുടെ ഓഫീസറോ ജോലിക്കാരനോ അല്ലെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിശദീകരിച്ചു. ആര്യനൊപ്പമുള്ള സെൽഫി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ഏജൻസിയുടെ പ്രതികരണം. എന്നാൽ ഉദ്യോഗസ്ഥനോ ജോലിക്കാരനോ അല്ലാത്തയാൾ എങ്ങനെ കസ്റ്റഡിയിലുള്ള ആര്യനടുത്തെത്തി സെൽഫിയെടുത്തു എന്ന ചോദ്യം ഉയരുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. പരിശോധനയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. എന്തായാലും സംഭവവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ കേസ് വഴിത്തിരിവിലേക്കെന്ന സൂചനയാണ് നല്‍കുന്നത്.

https://www.facebook.com/NawabMalikOfficial/videos/205508448346117