യുപിയിലെ സഹാറന്‍പൂരില്‍ ബിജെപി നേതാവ് യോഗേഷ് രോഹില വീട്ടു വഴക്കിനെ തുടര്‍ന്ന് മക്കളേയും ഭാര്യയേയും വെടിവച്ചു. മൂന്നു കുട്ടികളും മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 11 വയസ്സുള്ള മകള്‍ ശ്രദ്ധ, 5 വയസ്സുള്ള മകന്‍ ശിവാന്‍ഷ്, 6 വയസ്സുള്ള മകന്‍ ദേവാന്‍ഷ് എന്നിവരാണ് തലയ്ക്ക് വെടിയേറ്റ് തല്‍ക്ഷണം മരിച്ചത്. ഭാര്യ ഭാര്യ നേഹയുടെ നില അതീവ ഗുരുതരമാണ്, അവരുടെ തലയ്ക്കും കൈക്കുമാണ് വെടിയേറ്റത്.
സംഗതേദ ഗ്രാമത്തില്‍ ഗംഗോ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അതി ദാരുണമായ ഈ സംഭവം നടന്നത്. സഹാറന്‍പൂര്‍ ജില്ലാ ബിജെപി നിര്‍വാഹകസമിതിയംഗമാണ് പ്രതിയായ യോഗേഷ് രോഹില. ഇയാളെ പോലീസ് ദുരന്തം നടന്ന വീട്ടില്‍ നിന്നു തന്നെ അറസ്റ്റു ചെയ്തു. ഭാര്യയുടെ അവിഹിത ബന്ധം കാരണം താന്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് പ്രതിയുടെ ആദ്യ മൊഴി. ഇയാളില്‍ നിന്ന് ലൈസന്‍സുള്ള പിസ്റ്റള്‍ കണ്ടെടുത്തിട്ടുണ്ട്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അതുകൊണ്ട് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും യോഗേഷ് പറഞ്ഞതായാണ് പോലീസ് വിശദീകരണം. പലതവണ ഭാര്യയോട് ഇക്കാര്യം വിശദീകരിച്ചിരുന്നെങ്കിലും അനുസരിച്ചില്ലെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ എല്ലാ ദിവസവും വഴക്കുണ്ടായിരുന്നു. ഭാര്യയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എന്തിനാണ് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് ചോദിച്ചു. ഭാര്യ മരിച്ചിരുന്നെങ്കില്‍ കുട്ടികളെ തനിക്കു തനിയെ നോക്കാന്‍ കഴിയുമായിരിന്നില്ലെന്നാണ് മറുപടി പറഞ്ഞത്. കുട്ടികളെ കൊല്ലുമ്പോള്‍ അയാള്‍ക്ക് ഒരു പശ്ചാത്താപവും തോന്നിയില്ലെന്നും പോലീസ് വിശദീകരിക്കുന്നു.