മരിച്ചവരുടെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു : ബിജെപി നേതാവും കുടുംബവും അറസ്റ്റില്‍

Monday, June 14, 2021

ഡെറാഡൂൺ : മരിച്ച വൃദ്ധ ദമ്പതിമാരുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഉത്തരാഖണ്ഡിലെ ബി.ജെ.പി. വനിതാ നേതാവും മക്കളും അടക്കം നാലു പേർ അറസ്റ്റിൽ. ബിജെപി  മഹിള മോർച്ച സംസ്ഥാന സെക്രട്ടറി റീന ഗോയലും ഇവരുടെ രണ്ട് ആൺമക്കളും മറ്റൊരാളുമാണ് അറസ്റ്റിലായത്. മരിച്ച ദമ്പതിമാരുടെ ബന്ധുവിന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ക്ലെമന്‍റ് ടൗൺ പോലീസ് പറഞ്ഞു.

വൃദ്ധ ദമ്പതിമാരുടെ മരണത്തിന് പിന്നാലെയാണ് ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികൾ വിലവരുന്ന വസ്തുവകകൾ റീന ഗോയലും മക്കളും കൈയേറിയത്. മരിച്ച ദമ്പതിമാരുടെ കുടുംബാംഗങ്ങളും സ്വത്തിന്‍റെ അവകാശികളുമെല്ലാം യു.എസിലാണ് താമസം. ഈ സാഹചര്യം മുതലെടുത്താണ് പൂട്ടിക്കിടന്ന വീടും സ്ഥലവും മറ്റും ബലംപ്രയോഗിച്ച് തുറന്ന് പ്രതികൾ കൈയേറിയത്.

ദമ്പതിമാരുടെ കുടുംബാംഗമായ സുരേഷ് മഹാജൻ എന്നയാൾ ഇ-മെയിലിലൂടെ പരാതി നൽകിയപ്പോഴാണ് സംഭവം പോലീസ് അറിയുന്നത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.