കുഴൽപ്പണക്കേസ്: കെ.സുരേന്ദ്രനെ ഉടൻ ചോദ്യം ചെയ്യും ; അന്വേഷണസംഘം നിർണായക നീക്കങ്ങളിലേക്ക്

Jaihind Webdesk
Thursday, June 3, 2021

തൃശൂർ : കൊടകര കുഴൽ പണ കേസിൽ നിർണായക നീക്കങ്ങളിലേക്ക് അന്വേഷണ സംഘം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ ചോദ്യം ചെയ്ത നേതാക്കളുടെ മൊഴിയിലെ വൈരുധ്യം വിലയിരുത്തിയാണ് നടപടി.

കുഴൽ പണ കേസിൽ ബിജെപിക്ക് കുരുക്ക് മുറുകുകയാണ്. കേസിൽ ഉൾപ്പെട്ട ധർമ്മരാജനുമായി ബിജെപി നേതാക്കൾക്കുള്ള ബന്ധത്തിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാര്യങ്ങൾക്കാണ് ധർമരാജനെ വിളിച്ചത് എന്ന നേതാക്കളുടെ വാദം കളവാണെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിവിധ ജില്ലകൾ എത്തിക്കുന്നതിന്റെ ചുമതല ധർമരാജനാണെന്ന വിശദീകരണവും അന്വേഷണ സംഘം തള്ളി. ധർമ്മരാജന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ചുമതലയും ഇല്ലായിരുന്നു. തൃശൂരിൽ എത്തിയ ധർമരാജന്റെ കൈവശം തിരഞ്ഞെടുപ്പ് സാമഗ്രികളും ഇല്ലായിരുന്നു.

തൃശൂരിൽ ധർമരാജന് മുറിയെടുത്ത് നൽകിയത് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണ്. ഇതിന് നിർദേശം നൽകിയത് ബി ജെ പി നേതാക്കളും. കേസിലെ പ്രതി ദീപക് ബി ജെ പി അംഗമാണ്. ഇയാൾക്ക് വേണ്ടി കേസിൽ ഇടപെട്ട നേതാക്കൾ കണ്ണൂരിൽ എത്തി ചില നീക്കങ്ങൾ നടത്തിയിരുന്നു. തൃശൂർ- കണ്ണൂർ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിനു പുറമെയാണ് ധർമരാജന്റെയും ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്ത യുടെയും മൊഴി ബി ജെ പി നേതൃത്വത്തിന് കുരുക്കാകുന്നത്. പണം കൊണ്ടുവന്നത് ബി ജെ പിക്ക് വേണ്ടിയാണെന്നാണ് ധർമരാജന്റെ മൊഴി. പണത്തെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണം എന്ന് കെ.ജി.കർത്ത യും മൊഴി നൽകി. ഇങ്ങനെ നിരവധി ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കെ.സുരേന്ദനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.