ജയ്പുർ: രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കരൺപുർ നിയമസഭാ സീറ്റിൽ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ബിജെപിയുടെ സ്ഥാനാർത്ഥിയും nമന്ത്രിയുമായ സുരേന്ദ്ര പാൽ സിംഗിനെ അട്ടിമറിച്ചാണ് കോൺഗ്രസിന്‍റെ രൂപീന്ദർ സിംഗ് കുന്നാർ ഉജ്വല വിജയം നേടിയത്. 12,570 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാർത്ഥിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചത്. രൂപീന്ദർ സിംഗ് കുന്നാറിന്‍റെ വിജയത്തെ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിനന്ദിച്ചു.
“ശ്രീകരണ്‍പൂരിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ സ്ഥാനാർത്ഥിയെ മന്ത്രിയാക്കി പെരുമാറ്റച്ചട്ടവും ധാർമ്മികതയും കാറ്റിൽ പറത്തിയ ബിജെപിയെ പൊതുജനം പാഠം പഠിപ്പിച്ചു” – ഗെഹ്‌ലോട്ട് പറഞ്ഞു.
ബിജെപിയുടെ പുതിയ സർക്കാർ കോൺഗ്രസിന്‍റെ പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണെന്നും അതേസമയം മറുവശത്ത് പൊതുജനങ്ങൾ അവരുടെ മന്ത്രിയെ തന്നെ മാറ്റുകയാണെന്നുംപിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസ്ര പരിഹസിച്ചു.
രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 18 റൌണ്ടുകള്‍ പൂർത്തിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി 64,401 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാർത്ഥിക്ക് 54546 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഭജൻ ലാൽ സർക്കാരിൽ സുരേന്ദ്ര പാൽ സിംഗിനെ മന്ത്രിയാക്കിയിരുന്നു. സുരേന്ദ്ര പാൽ സിംഗിനെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ആക്കുകയും നാല് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
കരൺപൂർ നിയമസഭാ മണ്ഡലത്തിൽ 1,25,850 പുരുഷന്മാരും 1,14,966 സ്ത്രീകളും 10 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 2,40,826 വോട്ടർമാരാണുള്ളത്. ജനുവരി അഞ്ചിന് 74.40 ശതമാനം പോളിംഗാണ് ഇവിടെ നടന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കുന്നാർ അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടർന്ന് അദ്ദേഹത്തിന്‍റെ മകന്‍ രൂപീന്ദർ സിംഗ് കുന്നാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുകയായിരുന്നു.