K.SUDHAKARAN| ‘തെര.സംവിധാനത്തെ ബിജെപി ഹൈജാക്ക് ചെയ്തിരിക്കുന്നു’; തുടര്‍ച്ചയായ ജയങ്ങള്‍ കൃത്രിമം വരുത്തി ഉണ്ടാക്കിയത്’- കെ.സുധാകരന്‍ എംപി

Jaihind News Bureau
Friday, August 15, 2025

ഇന്ത്യയുടെ മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരന്‍ എംപി. വോട്ടു കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകളാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടത്. നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ മുഴുവന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഹൈജാക്ക് ചെയ്തിരിക്കുന്നു. അവര്‍ തുടര്‍ച്ചയായി നേടുന്ന വിജയങ്ങള്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം വരുത്തി ഉണ്ടാക്കിയതാണെന്ന് കൃത്യമായ തെളിവുകള്‍ സഹിതമാണ് രാഹുല്‍ഗാന്ധി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിച്ചതെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നൂറു കണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.