ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പട്ടിയെപ്പോലെ വെടിവെച്ച് കൊന്നിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ്. പശ്ചിമ ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ബി.ജെ.പി നേതാവിന്‍റെ ഭീഷണി പ്രസംഗം.
അസമിലെയും ഉത്തർപ്രദേശിലെയും കർണാടകയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ ചെയ്തതുപോലെ പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ ഭീഷണി പ്രസംഗം. മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഷോഘ് ആരോപിച്ചു. പലപ്പോഴും ബി.ജെ.പി നേതാവിന്‍റെ വാക്കുകള്‍ സഭ്യതയുടെ പരിധി ലംഘിക്കുന്നതുമായിരുന്നു.
‘ഇവര്‍ (പ്രതിഷേധക്കാര്‍) നശിപ്പിക്കുന്നതൊക്കെ ഇവരുടെയൊക്കെ പിതാക്കന്മാരുടെ സ്വത്താണെന്നാണോ വിചാരിക്കുന്നത് ? നിങ്ങള്‍ (മമതാ ബാനർജി) മിണ്ടാതിരിക്കുന്നത് ഇവർ നിങ്ങളുടെ വോട്ടര്‍മാരായതുകൊണ്ടാണ്. അസമിലും ഉത്തർപ്രദേശിലുമൊക്കെ ഞങ്ങളുടെ സർക്കാർ ഇവരെ പട്ടികളെപ്പോലെ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്’ – ദിലീപ് ഘോഷ് പറഞ്ഞു.
പ്രതിഷേധക്കാർക്ക് നേരെ വെടിയുതിര്‍ത്ത ബി.ജെ.പി സർക്കാരുകളുടെ നടപടി ശരിയാണെന്നും ഘോഷ് അവകാശപ്പെട്ടു. രാജ്യത്ത് അതിക്രമിച്ച് കയറിയ രണ്ട് കോടി മുസ്ലീങ്ങളുണ്ടെന്നും അതില്‍ ഒരുകോടിയും പശ്ചിമ ബംഗാളിലാണുള്ളതെന്നും ഷോഘ് പറഞ്ഞു. പ്രതിഷേധക്കാരെ വെടിവെച്ച് വീഴ്ത്തണമെന്ന പ്രസ്താവനയുമായി വേറെയും ബി.ജെ.പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഫാസിസ്റ്റ് സർക്കാരിന്‍റെ പ്രതിഫലനമാണെന്നും വിലയിരുത്തപ്പെട്ടു. ഇതിന് പിന്നാലെയാണിപ്പോള്‍ ഘോഷിന്‍റെ വിവാദ പ്രസ്താവന.