‘ബിജെപി-സിപിഎം അവിഹിതബന്ധം തുടരുന്നു; ലാവലിന്‍ കേസ് മാറ്റിവെക്കുന്നത് ഇതിന് ഉദാഹരണം’: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, November 8, 2022

 

കണ്ണൂർ: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധം തുടരുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഇക്കാരണത്താലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്തതെന്നും കെ സുധാകരൻ എംപി കണ്ണൂർ കരിവെള്ളൂരിൽ പറഞ്ഞു.

കരിവെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഎമ്മിനും ബിജെപിക്കുമെതിരെ കെപിസിസി പ്രസിഡന്‍റ് രൂക്ഷ വിമർശനം നടത്തിയത്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ഒത്തുകളിക്കുകയാണ്. കേരളത്തിൽ ബിജെപിയും സിപിഎമ്മും അവിഹിത ബന്ധം തുടരുകയാണെന്ന് കെ സുധാകരൻ എംപി പറഞ്ഞു.

ലാവലിൻ കേസ് നിരവധി തവണ മാറ്റിവെച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണ്. മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പോരടിച്ച് അന്തസ് കെടുത്തുകയാണ്. ഇടതുപക്ഷ സർക്കാർ ഇതുപോലെ നാണം കെട്ട കാലഘട്ടം ഉണ്ടായിട്ടില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്‍റ്  മാർട്ടിൻ ജോർജ്, കെ.പി കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും ഉദ്ഘാടന ചടങ്ങിന് എത്തി.