പ്രധാനമന്ത്രിയുടെ ഗിരിപ്രഭാഷണം സിപിഎമ്മുമായി മാച്ച്ഫിക്‌സിങ് ഉറപ്പിച്ചിട്ട് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, March 30, 2021

സിപിഎമ്മും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ മാച്ച്ഫിക്‌സിങ് ഉറപ്പിച്ച ശേഷം പ്രധാനമന്ത്രിക്ക് കേരളത്തിലെത്തി ഗിരിപ്രഭാഷണം നടത്താന്‍ ധാര്‍മിക അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, അഴിമതി ഉള്‍പ്പെടെയുള്ള കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിഷ്‌ക്രിയമാക്കിയത് നരേന്ദ്ര മോദിയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഒരിഞ്ച് പോലും മുന്നോട്ട് പോകാന്‍ സാധിക്കാത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഖജനാവിലെ കോടിക്കണക്കിന് രൂപയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ചെലവാക്കിയത്.എന്നാല്‍ ഒന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. പ്രധാനമന്ത്രി ഇതിന് ഉത്തരം പറയണം. സിബി ഐ അന്വേഷിക്കുന്ന ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ തുടര്‍ച്ചയായി 27 തവണയാണ് മാറ്റിയത്. ഇത് എന്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി മറുപടി പറയണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി കൈയ്യോടെ പിടികൂടിയതിന്‍റെ അങ്കലാപ്പിലാണ് പ്രധാനമന്ത്രി ഓരോന്നും വിളിച്ച് പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.