ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആരോപണം

തിരുവനന്തപുരത്തും പത്തനംതിട്ടയിലും സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആരോപണത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധം ശക്തമാകുന്നു. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സിബിഐ സംരക്ഷിക്കുന്നതിന്‍റെ പ്രത്യാപകാരമായാണ് സിപിഎമ്മിന്‍റെ വോട്ട് മറിച്ചതെന്നാണ് വിലയിരുത്തൽ. ലാവലിൻ-സിബിഐയുടെ ഒളിച്ചു കളി തുടരുന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണ്ടേതുണ്ട്. കേസിൽ വിചാരണ പോലും വേണ്ടന്ന തിരുവനന്തപുരം സി.ബി.ഐ കോടതി വിധിക്ക് എതിരെ സിബിഐയും മുൻ കെപിസിസി പ്രസിഡന്‍റ് വി.എം സുധീരൻ ഉൾപ്പെടയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ സുപ്രീംകോടതിയിൽ കേസ് നടത്തുന്നതിൽ സിബിഐ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. സിബിഐയുടെ നിസംഗത കാരണം കേസ് പല തവണ മാറ്റിവെച്ചു. സിബിഐയുടെ ഈ താൽപര്യക്കുറവിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നാണ് സൂചന. പിണറായി വിജയനെ സഹായിച്ചാൽ പാർലമെന്‍റ് തെരഞ്ഞടുപ്പിൽ ബിജെപിക്ക് വോട്ട് മറിച്ച് നൽകാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തർ നൽകിയത്. ഈ സാഹചര്യത്തിലാണ് വോട്ട് മറിച്ചു എന്ന ആരോപണം കൂടുതൽ ശക്തമാകുന്നത്. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം കേരളത്തിൽ ബിജെപിയെ വളർത്തുന്ന നിലപാടാണ് ഒളിഞ്ഞും തെളിഞ്ഞും സ്വീകരിച്ചുവരുന്നത്. ഒപ്പം തന്നെ ഷുക്കൂർ, ഫസൽ വധക്കേസുകളിൽ സിപിഎം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള നീക്കവും വോട്ട് മറയാക്കലിന് പിന്നിൽ ഉണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വോട്ട് മറിയ്ക്കൽ ആരോപണം സിപിഎമ്മിൽ സജീവ ചർച്ചാ വിഷയമാകും.

Comments (0)
Add Comment