തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാജ്യവ്യാപകമായി ആരംഭിച്ച ‘എന്‍റെ കുടുംബം ബിജെപി കുടുംബം’ ക്യാംപെയ്‌നെതിരെ വ്യാപക പരാതി. ക്യാംപെയ്ൻ അടിച്ചേൽപിക്കാനുള്ള ബിജെപി നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
ബിജെപി അനുഭാവികളായവർ വീട്ടുമുറ്റത്ത് പാർട്ടി പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നതാണ് ക്യാംപെയ്ൻ. മാർച്ച് 2 വരെയാണ് ക്യാംപെയ്ൻ നീണ്ടുനിൽക്കുന്നത്. എന്നാൽ പാർട്ടി അനുഭാവികൾ അല്ലാത്തവരും ക്യാംപെയ്ന്‍റെ ഭാഗമാകാൻ നിർബന്ധിതരാകുന്നു എന്നതാണ് ഹിമാചൽപ്രദേശിലെ സ്ഥിതി.
കേന്ദ്രത്തിന്‍റെയോ സംസ്ഥാന സർക്കാരിന്‍റെയോ ഏതെങ്കിലും പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നവരെല്ലാം വീട്ടുമുറ്റത്ത് ബിജെപിയുടെ കൊടി ഉയർത്തണമെന്നാണ് ഹിമാചലിലെ അവസ്ഥ. ഇതനുസരിച്ച് 8.5 ലക്ഷം കുടുംബങ്ങൾ ബിജെപി കൊടി ഉയർത്താൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സർക്കാർ പദ്ധതികൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്ന ബിജെപിയുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ നീക്കം തരംതാഴ്ന്നതും നാണംകേട്ടതുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഫണ്ടിന്‍റെ ദുർവിനിയോഗമാണിതെന്നും കോൺഗ്രസ് നേതാവ് മുകേഷ് അഗ്നിഹോത്രി വ്യക്തമാക്കി.