ഫരീദാബാദില്‍ വോട്ട് ചെയ്തതെല്ലാം ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റ് ; നിഷേധിക്കപ്പെട്ടത് നിരവധി പേരുടെ വോട്ടവകാശം

Jaihind Webdesk
Wednesday, May 15, 2019

രാജ്യം ഭരിക്കുന്ന ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ നേര്‍ക്കാഴ്ചകളാണ്  നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലും കാണാനാകുന്നത്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫരീദാബാദില്‍ നടന്നത്.

തന്‍റെ വോട്ട് ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റ് തട്ടിയെടുക്കുകയായിരുന്നുവെന്ന് ഫരീദാബാദില്‍ കന്നി വോട്ട് രേഖപ്പെടുത്താനെത്തിയ യുവതി വെളിപ്പെടുത്തി. മണിക്കൂറുകളോളം വരിയില്‍ നിന്ന് ബൂത്തിലെത്തിയ യുവതി വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം തിരയുന്നതിനിടെ ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റ്‍  അങ്ങോട്ടെക്കെത്തുകയും ബി.ജെ.പി ചിഹ്നത്തില്‍ വിരലമര്‍ത്തുകയുമായിരുന്നു. വിവേചന എന്ന ദളിത് യുവതിയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റ് ഗിരിരാജ് സിംഗാണ് തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന പ്രവൃത്തി ചെയ്തത്.

‘എന്‍റെ വോട്ട് എന്തിന് തട്ടിയെടുത്തെന്ന് ചോദിച്ച് ഞാന്‍ വീണ്ടും ബട്ടണില്‍ അമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ വോട്ടിംഗ് കഴിഞ്ഞു എന്നുപറഞ്ഞ് അയാള്‍ ഇരിപ്പിടത്തിലേക്ക് തിരിച്ചു പോയി. ഞാന്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എന്‍റെ  വോട്ട് നഷ്ടമായിരുന്നു.’ – വിവേചന പോലീസിന് മൊഴി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റ് നിരവധി പേരുടെ വോട്ടവകാശമാണ് നിഷേധിച്ചത്. വോട്ടർമാരുടെ അടുത്തെത്തുന്ന ഇയാള്‍ തന്ത്രപൂർവം പെട്ടെന്ന് ബി.ജെ.പിയുടെ ചിഹ്നത്തിന് നേരെ വിരലമര്‍ത്തുകയും പെട്ടെന്ന് തിരികെ സീറ്റിലെത്തുകയുമാണ് ചെയ്തിരുന്നത്. ചില വോട്ടര്‍മാര്‍ക്ക് ഇതിലെ ക്രമക്കേട് മനസിലാകാനുള്ള സമയം പോലും ലഭിച്ചില്ല. ബി.ജെ.പി ബൂത്ത് ഏജന്‍റ് വോട്ട് ചെയ്തതിന് ശേഷം ചിലര്‍ വീണ്ടും തങ്ങളുടെ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെ വിരലമര്‍ത്തുകയും വോട്ട് ചെയ്തെന്ന് കരുതി തിരിച്ചുപോവുകയും ചെയ്തു.

ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇയാളെ തടഞ്ഞില്ല. ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടാകുമെന്നും യുവതി ആരോപിക്കുന്നു. അതുകൊണ്ടാണ് അവരോട് പരാതിപ്പെടാതിരുന്നതെന്നും യുവതി പറയുന്നു.

ബി.ജെ.പി ബൂത്ത് ഏജന്‍റിന്‍റെ പ്രവൃത്തിയില്‍ പന്തികേടുണ്ടെന്ന് മനസിലാക്കിയ ചിലര്‍ ഇത് മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഇതിനെതിരെ കനത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകന്‍ പരസ്യമായി ഗുരുതര കുറ്റകൃത്യം ചെയ്യുന്നതുകണ്ടിട്ടും ബൂത്തിലെ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പൊതുസമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തു.

ശക്തമായ ഭരണവിരുദ്ധവികാരം നേരിടുന്ന ബി.ജെ.പി എന്ത് മാര്‍ഗത്തിലൂടെയും ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനായി ജനങ്ങളുടെ വോട്ടവകാശം പോലും നിഷേധിച്ച് ജനാധാപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പി.

നേരത്തെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചത്. ‘ഇത് ഒരു ബി.ജെ.പിക്കാരനല്ലെങ്കില്‍ ഞാന്‍ 500 രൂപ നല്‍കാം’ എന്നായിരുന്നു ഒരു കമന്‍റ്. അയ്യായിരം നല്‍കാമെന്ന് മറ്റൊരാള്‍ മറുപടിയും നല്‍കി. തട്ടിപ്പ് നടത്തിയത് ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റാണെന്ന് പരസ്യമാക്കപ്പെടുന്നതിന് മുമ്പെയായിരുന്നു ഈ കമന്‍റ്. ബി.ജെ.പിയെ ജനം കൃത്യമായി വിലയിരുത്തുന്നു എന്നതിന്‍റെ ഉദാഹരണം കൂടിയാണ് ഈ അഭിപ്രായപ്രകടനങ്ങള്‍.

teevandi enkile ennodu para