കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്ത് സംസ്കരിക്കും

Jaihind Webdesk
Friday, May 24, 2024

 

കോട്ടയം:  മണർക്കാട് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ വിഘ്നേശ്വരിയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതായി അറിയിച്ചത്. ഒമ്പതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു.

ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്‍റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടിയും സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്‍റെ  ദ്രുതകർമ്മസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്ടറേറ്റില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണം, റെവന്യൂ, പോലീസ്, വനം, ആരോഗ്യം, അഗ്നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.