ബയോവെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താന വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

കവരത്തി : ബയോവെപ്പണ്‍ പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസില്‍  ഐഷ സുല്‍ത്താന രണ്ടാമതും ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അഭിഭാഷകന് ഒപ്പമാണ് ഐഷ എത്തിയത്.

ഒരു ടെലിവിഷൻ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ  ‘ബയോ വെപ്പൺ’ എന്ന് പരാമർശിച്ചതിനെതിരെ  ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് അയ്ഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി  പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച ‘ബയോ വെപ്പൺ’ ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞ‌ത്.

എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.

വ്യാഴാഴ്ച അയ്ഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 20 നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചുകൊണ്ടായിരുന്നു  ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ച അയ്ഷയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയും മൂന്ന് ദിവസത്തേക്ക് ദ്വീപില്‍ തുടരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വീണ്ടും ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അതേസമയം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും അയ്ഷയ്ക്ക് പുറത്തിറങ്ങാനാകും.

Comments (0)
Add Comment