കൊല്ലം : പൊലീസിനെ കയറൂരിവിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും പ്രതിഷേധം വ്യാപകമാവുന്നു. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരമായാലും വാഹന പരിശോധനയായാലും കായികമായി ആക്രമിക്കുന്ന എന്നതാണ് പിണറായി പോലീസിന്റെ ഉദ്ദേശമെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇന്ന് കൊല്ലം കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
ഇന്ന് കൊല്ലം കടയ്ക്കൽ കാഞ്ഞിരംമൂട്ടിലാണ് പോലീസിന്റെ വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തിയത്. കടയ്ക്കല്‍ സ്റ്റേഷന് സി.പി.ഒ ചന്ദ്രമോഹനാണ് ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിച്ചുമറിയുകയും ബൈക്ക യാത്രികന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനായ സിദ്ധിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് സിദ്ദിഖ് ചികിത്സയിൽ കഴിയുന്നത്. റോഡിലെ വളവിൽ നിന്നായിരുന്നു പോലീസിന്റെ വാഹനപരിശോധന. ഇത് സിദ്ദിഖിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ബൈക്കിന് മുന്നിലേക്ക് ചന്ദ്രമോഹൻ ചാടിയിറങ്ങിയെങ്കിലും നിർത്താൻ സാധിച്ചില്ല. തുടർന്ന് ചന്ദ്രമോഹൻ ലാത്തി എറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിൽ ഇടിച്ചുമറിയുകയും സിദ്ദിഖ് നടുറോഡിലേക്ക് വീഴുകയുമായിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദേശം ഉള്ളപ്പോഴാണ് പൊലീസിന്റെ ഈ കിരാത നടപടി. ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും റോഡിന് മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ലെന്നും ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നും നിർദേശിക്കുന്ന ഡി.ജി.പിയുടെ സർക്കുലറും നിലവിലുണ്ട്.
പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സി.പി.ഒ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറാണ് നടപടിയെടുത്തത്. പൊലീസ് അതിക്രമത്തിനെതിരെ കാഞ്ഞിരത്തുംമൂട് പ്രദേശത്ത് സംഘർഷം നിലനില്‍ക്കുന്നുണ്ട്.
വാഹനപരിശോധനയുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പൊലീസിനെതിരെ വ്യാപക പരാതിയാണ് നിലനില്‍ക്കുന്നത്. പൊലീസ് സ്റ്റേഷന് മുന്നിലുള്ള കുത്തനെയുള്ള കയറ്റത്തിലും വളവുകളിലുമൊക്കെ ഒളിഞ്ഞുനിന്നുള്ള വാഹനപരിശോധനയാണ് കടയ്ക്കല്‍ പൊലീസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ഹെല്‍മെറ്റ് വെക്കാതെ ബൈക്കില്‍ ഇരുന്നാല്‍ പോലും ലൈസന്‍സ് എടുത്തുകൊണ്ട് പോകാറുണ്ടെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി പിണറായി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യമുയരുന്നു.
നാട്ടുകാർ റോഡ് ഉപരോധിക്കുന്ന ദൃശ്യങ്ങള്‍ :