Bihar Elections| ബിഹാര്‍ വിധിയെഴുതുന്നു; 121 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; തേജസ്വി യാദവ് ഉള്‍പ്പെടെ 1314 സ്ഥാനാര്‍ത്ഥികള്‍

Jaihind News Bureau
Thursday, November 6, 2025

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ഇന്ന് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1,314 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 5 മണി വരെ തുടരും. 3.75 കോടിയിലധികം വോട്ടര്‍മാര്‍ക്കാണ് ഈ ഘട്ടത്തില്‍ വോട്ടു ചെയ്യാന്‍ അവസരമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കുന്ന രാഘോപൂര്‍ മണ്ഡലത്തിലാണ് തേജസ്വി യാദവ് മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. എന്‍.ഡി.എ. സഖ്യത്തിലെ ഉപമുഖ്യമന്ത്രിമാരായ സാംരാട്ട് ചൗധരി (ബി.ജെ.പി. – തരപൂര്‍), വിജയ് കുമാര്‍ സിന്‍ഹ (ജെ.ഡി.യു. – ലഖിസരായ്) എന്നിവരും ആദ്യഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. ഇവരെ കൂടാതെ, ബിഹാര്‍ സര്‍ക്കാരിലെ നിരവധി മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഒബിസി ജാതി രാഷ്ട്രീയം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഒ.ബി.സി., ദളിത്, മഹാദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യത്തെ 90% വരുന്ന ജനവിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ട്, 10% വരുന്ന ഉന്നത ജാതിക്കാരാണ് കോര്‍പ്പറേറ്റ് മേഖല, ബ്യൂറോക്രസി, ജുഡീഷ്യറി, ഇന്ത്യന്‍ പ്രതിരോധ സേന എന്നിവയെ നിയന്ത്രിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് സുതാര്യമാക്കാന്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിവസം സംസ്ഥാനത്തുടനീളം കേന്ദ്ര സായുധ പോലീസ് സേനയുടെ വിപുലമായ വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിലെ ഫലം തിരഞ്ഞെടുപ്പിന്റെ മൊത്തത്തിലുള്ള ഗതി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമാണ്. 243 നിയമസഭാ മണ്ഡലങ്ങളുള്ള ബിഹാറില്‍ രണ്ടാം ഘട്ടം നവംബര്‍ 11-ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14-നാണ് നിശ്ചയിച്ചിട്ടുള്ളത്.