മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പാര്‍ട്ടി വിട്ടു; കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

Jaihind Webdesk
Sunday, April 16, 2023

 

ബംഗളുരു: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ  കര്‍ണാടകയില്‍ ബിജെപിക്കു വന്‍ തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാറും പാര്‍ട്ടി വിട്ടു. എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് ഷെട്ടാർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കും. ടിക്കറ്റ് നിഷേധത്തെ തുടർന്ന് കർണാടക ബിജെപിയിലുണ്ടായ പൊട്ടിത്തെറിയാണ് ഷെട്ടാറിന്‍റെ രാജിയിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ വീട്ടിലെത്തി നടത്തിയ അനുനയ ശ്രമങ്ങള്‍ പാളിയതോടെയാണു രാജി പ്രഖ്യാപനം. പാർട്ടി നേതൃത്വത്തിന്‍റെ കടുത്ത അവഗണനയിൽ നിരാശനാണെന്നും ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിലെ എംഎൽഎ സ്ഥാനം ഇന്ന് രാജി വെക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

‘എനിക്ക് എന്തുകൊണ്ട് ടിക്കറ്റില്ലെന്നു അവർ പറയുന്നില്ല, ഞാൻ നന്നായി ബിജെപിയെ സേവിച്ചു എന്ന് അവർ പറയുന്നുണ്ട്. അതുകൊണ്ടാണോ ടിക്കറ്റില്ലാത്തത്? അതോ എന്‍റെ പേരിൽ ലൈംഗിക അതിക്രമ കേസും അഴിമതി ആരോപണവും ഇല്ലാത്തതാണോ പ്രശ്‌നം? ക്രിമിനൽ പശ്ചാത്തലമുള്ള എത്ര പേർക്കാണിവർ ടിക്കറ്റ് നൽകിയിരിക്കുന്നത്. എന്‍റെ കുറവുകൾ എന്താണെന്നു ബിജെപി നേതൃത്വം പറയട്ടെ. എനിക്ക് ടിക്കറ്റില്ലെന്ന കാര്യം ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു. ടിക്കറ്റ് തരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആർക്കും മിണ്ടാട്ടമില്ല. ബിജെപി ഹൈക്കമാൻഡ് ഒരക്ഷരം ഉരിയാടുന്നില്ല.’ – മാധ്യമങ്ങൾക്കു മുന്നിൽ അമർഷം പരസ്യമാക്കി ജഗദീഷ് ഷെട്ടാർ പറഞ്ഞു.

ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിൽ ഇടഞ്ഞ ഷെട്ടാറിനെ അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം കർണാടകയുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, പ്രൾഹാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഷെട്ടാറിന്‍റെ വീട്ടിലെത്തി ഇവർ നടത്തിയ അനുനയ നീക്കം പാളിയതോടെ രാജിയും പാർട്ടി വിടലും പ്രഖ്യാപിച്ച് ഷെട്ടാർ മാധ്യമങ്ങൾക്കു മുന്നിലെത്തുകയായിരുന്നു.

ജനസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷെട്ടാർ വടക്കൻ കർണാടകയെ കാവിക്കോട്ടയാക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്. കർണാടക നിയമസഭാ സ്പീക്കറായും മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷ നേതാവായും ഷെട്ടാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ൽ ആയിരുന്നു ഒരു വർഷത്തേക്ക് അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. 7 തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കർണാടകയിൽ ബിജെപിയുടെ വോട്ടു ബാങ്കും പ്രബല സാമുദായവുമായ ലിംഗായത്ത് സമുദായാംഗമാണ് ജഗദീഷ് ഷെട്ടാർ. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കവേ മുന്‍ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന നേതാവായ ഷെട്ടാറും പാർട്ടി വിടുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇതുവരെ പത്തോളം എംഎൽഎ മാരും ആയിരക്കണക്കിന് ബിജെപി ഭാരവാഹികളും പാർട്ടി അംഗത്വം രാജിവെച്ചു കഴിഞ്ഞു. നിരവധി പാർട്ടി അനുയായികളും ബിജെപി ബന്ധം വിടുന്നതായി പ്രഖ്യാപിച്ചു തെരുവുവിലിറങ്ങി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പാർട്ടി വിട്ടു കോൺഗ്രസിൽ പോയതിന്‍റെ ക്ഷീണം മാറും മുമ്പാണ് ബിജെപി ബന്ധത്തിന് ജഗദീഷ് ഷെട്ടാറും ഷട്ടറിട്ടിരിക്കുന്നത്.