കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേർ കസ്റ്റഡിയില്‍

Jaihind Webdesk
Friday, December 10, 2021

 

കണ്ണൂർ : കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227 കിലോ ഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം പിടികൂടി. ഇരിട്ടി സ്വദേശി ഷംസീർ, മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ്, കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. നാഷണൽ പെർമിറ്റ് ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ഹൈദരാബാദിൽ നിന്നും ഒമ്പത് ബാഗുകളിലായി 99 പാഴ്സലായി പിക്കപ്പ് വാനിൽ ബംഗളുരുവില്‍ എത്തിച്ച ശേഷം നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി.