കര്‍ഷകര്‍ക്ക് തിരിച്ചടി; മൊറട്ടോറിയം നീട്ടാനാകില്ലെന്ന് ആര്‍ബിഐ; ജപ്തി നടപടികളുമായി ബാങ്കുകളെത്തും

Jaihind News Bureau
Thursday, June 20, 2019

കര്‍ഷകരുടെ വായ്പകള്‍ക്കുള്ള  മൊറട്ടോറിയം നീട്ടാന്‍ ആർബിഐയുടെ അനുമതിയില്ല . കേരളത്തിനു മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്ന് ആര്‍.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു. ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത്. ഇതോടെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം.

ഇക്കാര്യത്തില്‍ ഇളവ് തേടി സര്‍ക്കാര്‍ വീണ്ടും ആ‍ർബിഐയെ സമീപിക്കേണ്ടിവരും. ബാങ്കേഴ്സ് സമിതി അംഗങ്ങളുടെ യോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. എങ്കിലും ഇളവ് കിട്ടുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആ‍ർബിഐ തീരുമാനം മാറാതെ ബാങ്കുകൾക്ക് ജപ്തി നടപടിയിൽ നിന്ന് പിന്മാറാനും സാധിക്കില്ല.