കാർഷിക ബില്‍: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്

Jaihind News Bureau
Friday, September 25, 2020

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ ഇന്നലെ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇന്നും തുടരും. പ്രതിഷേധങ്ങള്‍ ഡല്‍ഹിയിലേക്ക് എത്താതിരിക്കാന്‍ അതിര്‍ത്തികളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പഞ്ചാബിൽ കര്‍ഷകർ ഇന്നലെ മുതൽ ആരംഭിച്ച ട്രെയിൻ തടയൽ സമരവും തുടരുകയാണ്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക രക്ഷാദിനമായി ആചരിക്കും.  8ന് നിയോജക മണ്ഡലങ്ങളിലും 10ന് തലസ്ഥാന നഗരങ്ങളിലും സമരം സംഘടിപ്പിക്കും. 2 കോടി കര്‍ഷകരുടെയും തൊഴിലാളികളുടെയും ഒപ്പ് ശേഖരിച്ച് ഭീമ ഹര്‍ജി നവംബര്‍ 14ന് രാഷ്ട്രപതിക്ക് സമർപ്പിക്കാനും പാർട്ടി തീരുമാനിച്ചു.