ഭാരത് ജോഡോ യാത്ര ; കർഷക സമര നേതാവും ഭാരത് കിസാൻ യൂണിയൻ അധ്യക്ഷനുമായ രാകേഷ് ടിക്കായത്ത് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം

Jaihind Webdesk
Monday, January 9, 2023

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കർഷക സമര നേതാവും ഭാരത് കിസാൻ യൂണിയൻ അധ്യക്ഷനുമായ രാകേഷ് ടിക്കായത്ത് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു. ഭാരത് ജോഡോ യാത്ര ഹരിയാനയിലെ കുരുക്ഷേത്രയിലൂടെ കടന്നു പോകുന്നതിനിടെയാണ് ടിക്കായത്ത് രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് പദയാത്രയിൽ പങ്കാളിയായത്. ഭാരത് ജോഡോ യാത്രക്ക് കർഷകരുടെ പിന്തുണയറിക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കർഷകരുടെയും കർഷക സംഘടനകളുടെയും വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ടിക്കായത്ത് രാഹുലിന്‍റെ യാത്രക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തി രാഹുലിനെ കണ്ടതും കർഷകരുടെ പിന്തുണ അറിയിച്ചതും.