‘കേരളം നല്‍കിയ സ്നേഹത്തിന് ഞാന്‍ എക്കാലവും കടപ്പെട്ടിരിക്കുന്നു’; മലപ്പുറത്തെ ജനസാഗരമാക്കി ഭാരത് ജോഡോ യാത്ര

മലപ്പുറം/നിലമ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. തന്‍റെ രണ്ടാമത്തെ വീടാണ് കേരളമെന്നും മലയാളികളുടെ അതിരില്ലാത്ത സ്നേഹത്തിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നതായും രാഹുല്‍ ഗാന്ധി സമാപനസമ്മേളത്തില്‍ പറഞ്ഞു. രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ 6.30 ഓടെ പാണ്ടിക്കാട് നിന്നാരംഭിച്ച യാത്രയുടെ ആദ്യ പാദം വണ്ടൂരില്‍ സമാപിച്ചു. തുടർന്ന് ഉച്ചയ്ക്ക് പുനരാരംഭിച്ച ഭാരത് ജോഡോ യാത്ര നിലമ്പൂരില്‍ എത്തിയതോടെ ജില്ലയിലെ രണ്ടാം ദിവസത്തെ യാത്രയ്ക്ക് സമാപനമായി. നാളെയാണ് യാത്ര കേരളത്തിലെ പ്രയാണം പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ വഴി കർണാടകത്തിലേക്ക് പ്രവേശിക്കും.

കേരളം നൽകിയ അതിരുകളില്ലാത്ത സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി സമാപനസമ്മേളത്തിലെ പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ ജനതയുടെ ഏറ്റവും വലിയ ഗുണമാണ് പരസ്പര സ്‌നേഹവും സഹാനുഭൂതിയും സഹവർത്തിത്വവുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭവനമായ കേരളത്തിന്‍റെ മണ്ണിലൂടെ സഞ്ചരിക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷവാനാണ്.  കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അതിരുകളില്ലാത്ത സ്‌നേഹത്തിന് പകരം നൽകാൻ കഴിയാത്ത വിധം  താന്‍ കടപ്പെട്ടിരിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ഐക്യത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെയും മോദി സര്‍ക്കാരിന്‍റെ ശ്രമം. ഇതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ഇതാണ് യാത്രയുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

“വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലാത്ത ഒരു മഹാനദീപ്രവാഹമായി എല്ലാവരും ഒന്നുചേർന്ന് ഒഴുകുകയാണ്. ഈ ഐക്യത്തിന്‍റെ നദീപ്രവാഹത്തെ തടസപ്പെടുത്താനാണ് ചിലരുടെ ശ്രമം. രാജ്യം കണ്ട ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, സമൂഹത്തിലെ വേർതിരിവ് എല്ലാത്തിനും കാരണം സമൂഹത്തിൽ വെറുപ്പ് പടർത്താനുള്ള ഇത്തരക്കാരുടെ ശ്രമമാണ്. നോട്ട് നിരോധനത്തിന്‍റെയും അശാസ്ത്രീയമായ ജിഎസ്ടിയുടെയും ഗുണം ലഭിച്ചതും നിലവിലെ കാർഷിക നിയമങ്ങളുടെ പ്രയോജനം ലഭിച്ചതും രാജ്യത്തെ ചുരുക്കം ചിലർക്കാണ്. സാധാരണക്കാർക്ക് ഇത്തരം നടപടികള്‍ കൊണ്ട് നികത്താനാവാത്ത നഷ്ടം മാത്രമാണ് ഉണ്ടായത്. യുവാക്കൾക്ക് തൊഴിലില്ലാത്ത ഒരു ഇന്ത്യയെ നമുക്ക് അംഗീകരിക്കാനാവില്ല. അനിയന്ത്രിതമായ വിലക്കയറ്റം തുടരുന്ന ഒരിന്ത്യയെ നമുക്ക് അംഗീകരിക്കാനാവില്ല. ഇതിനെല്ലാം പരിഹാരം കാണാനായാണ് ഈ യാത്ര. ഇത്തരം വിവേചനങ്ങളെ എല്ലാം ചെറുത്ത് തോല്‍പിച്ച് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം” – രാഹുല്‍ ഗാന്ധി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. അതുല്യനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. മതേതരവാദിയായ, നാടിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച നേതാവായിരുന്നു അദ്ദേഹം. ആര്യാടന്‍ മുഹമ്മദിന്‍റെ കുടുംബാംഗങ്ങളെയും തന്‍റെ അഗാധമായ ദുഃഖം അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

നാളെ കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഭാരത് ജോഡോ പദയാത്ര തമിഴ്നാട് വഴി കർണാടകത്തിലേക്ക് പ്രവേശിക്കും. രുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തോടെ സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര പ്രയാണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 നാണ് യാത്ര കേരളത്തില്‍ പ്രവേശിച്ചത്. 19 ദിവസങ്ങളാണ് യാത്ര കേരളത്തില്‍ പ്രയാണം നടത്തിയത്. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടി കശ്മീരിലാണ് ഐക്യസന്ദേശ യാത്രയുടെ സമാപനം.

Comments (0)
Add Comment